Join News @ Iritty Whats App Group

സൂക്ഷിക്കുക!, വാട്‌സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തും തട്ടിപ്പ്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുംബൈ: സുരക്ഷാ ഉദ്യോഗസ്ഥര്‍ നിതാന്ത ജാഗ്രതയിലായതോടെ, തട്ടിപ്പിന് പുതുവഴികള്‍ തേടുകയാണ് സൈബര്‍ ക്രിമിനലുകള്‍.
വാട്‌സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം ആവശ്യപ്പെടുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സുരക്ഷാ ഏജന്‍സികള്‍.

പുനെ പൊലീസിന് ഇതുസംബന്ധിച്ച്‌ നിരവധി പരാതികള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വാട്സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം ഇരയില്‍ നിന്നും കോണ്‍ടാക്‌ട് ലിസ്റ്റിലുള്ളവരില്‍ നിന്നും പണം ആവശ്യപ്പെട്ടതായാണ് പരാതികളില്‍ പറയുന്നത്.

ഉപയോക്താവിന്റെ കോളുകളും മെസേജുകളും പ്രത്യേക നമ്ബറിലേക്ക് തിരിച്ചുവിട്ടാണ് തട്ടിപ്പ് നടത്തുന്നത്. ഒടിപി ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ കോളുകളും മെസേജുകളും തിരിച്ചുവിടുന്നതെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് ഉപയോക്താവിന്റെ വാട്‌സ്‌ആപ്പ് അക്കൗണ്ട് ലോഗിന്‍ ചെയ്താണ് തട്ടിപ്പ് നടത്തുന്നത്.

ഉപയോക്താവിനെ ഫോണ്‍ ചെയ്താണ് തട്ടിപ്പിന് തുടക്കമിടുന്നത്. പുനെയില്‍ കുറിയര്‍ കമ്ബനിയിലെ ജീവനക്കാരനാണ് വിളിക്കുന്നത് എന്ന് പറഞ്ഞ് കോള്‍ ചെയ്ത് തട്ടിപ്പ് നടത്തിയതാണ് ഒരു സംഭവമെന്ന് പൊലീസ് പറയുന്നു. അഡ്രസിലേക്ക് കുറിയര്‍ അയക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് *401* ല്‍ ആരംഭിക്കുന്ന ഫോണ്‍ നമ്ബര്‍ അയച്ചു തന്നു. ഇന്റേണല്‍ കമ്മ്യൂണിക്കേഷന് വേണ്ടിയുള്ള സ്വകാര്യ കമ്ബനിയുടെ നമ്ബര്‍ ആയിരിക്കും എന്ന് കരുതി ഉപയോക്താവ് ഡയല്‍ ചെയ്തു. തുടര്‍ന്ന് ഉപയോക്താവിന്റെ അച്ഛന്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ വിളിച്ച്‌ എന്തിനാണ് പണം ആവശ്യപ്പെട്ടത് എന്ന് ചോദിച്ചതോടെയാണ് തട്ടിപ്പിന് ഇരയായ വിവരം അറിഞ്ഞതെന്നും പൊലീസ് പറയുന്നു.

മറ്റൊരു കേസില്‍ ഒരാള്‍ക്ക് 45,000 രൂപയാണ് നഷ്ടമായത്. ഉപയോക്താവിന്റെ വാട്‌സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് തന്നെയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. മകന്റെ ആശുപത്രി ചെലവിനായി പണം ആവശ്യപ്പെടുന്ന തരത്തിലുള്ള വ്യാജ സന്ദേശം ഉപയോക്താവിന്റെ പരിചയക്കാര്‍ക്ക് അയച്ച്‌ കൊടുത്താണ് തട്ടിപ്പ് നടത്തിയത്. ഉപയോക്താവിന്റെ മകന്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയതിനാല്‍ യഥാര്‍ഥ മെസേജ് ആണെന്ന് കരുതി. കൂടാതെ ഉപയോക്താവിന്റെ യഥാര്‍ഥ വാട്‌സ്‌ആപ്പ് അക്കൗണ്ടില്‍ നിന്ന് തന്നെയാണ് സന്ദേശം ലഭിച്ചത്. ഇതോടെ യാതൊരുവിധ സംശയവും തോന്നാതിരുന്ന, സന്ദേശം ലഭിച്ചവര്‍ പണം അയക്കുകയായിരുന്നു.

വ്യാജ കോളുകള്‍ എങ്ങനെ തിരിച്ചറിയാം?

അജ്ഞാത നമ്ബറുകളില്‍ നിന്നുള്ള 'ഹായ്', 'ഹലോ' തുടങ്ങിയ പൊതുവായ സന്ദേശങ്ങള്‍ അവഗണിക്കുക

അജ്ഞാത നമ്ബറുകളില്‍ നിന്ന് സന്ദേശമയയ്ക്കുകയോ വിളിക്കുകയോ ചെയ്യുന്ന ആളുകള്‍ക്ക് വ്യക്തിഗത വിവരങ്ങളൊന്നും നല്‍കരുത് 

സമ്മര്‍ദ്ദത്തിലോ, ഭീഷണികളിലോ വീഴരുത്

വാട്‌സ്‌ആപ്പില്‍ അയക്കുന്ന സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്

തട്ടിപ്പിന് ഇരയാകുന്നത് എങ്ങനെ തടയാം?

വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നത് മറ്റുള്ളവര്‍ കാണുന്നില്ലെന്ന് ഉറപ്പാക്കുക

കോണ്‍ടാക്‌ട് ലിസ്റ്റില്‍ പെടാത്തവരില്‍ നിന്ന് പ്രൊഫൈല്‍ ചിത്രം മറയ്ക്കുക

അറിയാത്ത നമ്ബറുകളില്‍ നിന്ന് ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുക

അജ്ഞാത നമ്ബറുകളില്‍ നിന്നുള്ള സന്ദേശങ്ങളോട് പ്രതികരിക്കരുത്.

പണമോ സ്വകാര്യ വിവരങ്ങളോ ചോദിച്ച്‌ സമീപിക്കുന്നവരില്‍ സംശയാസ്പദമായി തോന്നുന്നവരെ തടയുക/റിപ്പോര്‍ട്ട് ചെയ്യുക

Post a Comment

Previous Post Next Post
Join Our Whats App Group