മഹാത്മാ ഗാന്ധി രക്തസാക്ഷിദിനത്തിൽ അനുസ്മരണക്കുറിപ്പ് പങ്കുവച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. അമരനായ രക്തസാക്ഷിയെ പ്രണമിക്കുന്ന ഈ ദിനത്തില്‍ ആ കൊലയ്ക്ക് ഉത്തരവാദികളായവരേയും ഓര്‍ക്കണം. മുന്‍പെന്നത്തെക്കാളും ആ ഓര്മക്ക് ഇന്ന് അതീവ പ്രാധാന്യമുണ്ട്. രാമ മന്ത്രം ജപിച്ചു തീരാത്ത ചുണ്ടുകളെ നിശബ്ദമാക്കിയവര്‍ രാമന് പ്രാണമന്ത്രം ഓതുന്ന കാലമെന്ന് വി. ഡി. സതീശൻ പറഞ്ഞു. ആ നെഞ്ചിലേക്ക് വെടിയുണ്ട പായിച്ചവന്റെ ഭീരുത്വത്തിന് പിന്നിലെ ശക്തികളാണ് ചെങ്കോലുമണിഞ്ഞ് ഇന്ന് സിംഹാസനങ്ങളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നത്. ഗാന്ധി ഘാതകര്‍ക്ക് ഈ രാജ്യത്തെ ഇനിയും വിട്ടു കൊടുക്കാതിരിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് വി. ഡി. സതീശൻ പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
രാജ്യത്തിനും ജനങ്ങള്‍ക്കും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും ഇന്ത്യയെന്ന ഗംഭീര ദര്‍ശനത്തിനും വേണ്ടി ഒരാള്‍ ജീവന് ത്യജിക്കുന്നു. അയാള്‍ ജീവിച്ചതു മുഴുവന്‍ രാജ്യത്തിനായി, മരണവും അപ്രകാരം തന്നെ.
ബിര്‍ള മന്ദിറിന്റെ നടപ്പാതയില്‍ തളംകെട്ടിക്കിടന്ന ചോരയില്‍ നിന്ന് അയാള്‍ അമരനായി ഉയിര്‍ക്കുന്നു. തെളിമയുള്ള കണ്ണുകളോടെ അദ്ദേഹം നമ്മെ നോക്കും, ഓര്‍മ്മിപ്പിക്കും, തിരുത്തും, വഴികാട്ടും. സംഘപരിവാറിന് വെടിവെച്ചിടാനെ ആയുള്ളു. മരണവും കടന്ന് തലമുറകളിലൂടെ ഗാന്ധിജി ജീവിക്കുന്നു.
അമരനായ രക്തസാക്ഷിയെ പ്രണമിക്കുന്ന ഈ ദിനത്തില്‍ ആ കൊലയ്ക്ക് ഉത്തരവാദികളായവരെയും ഓര്‍ക്കണം. മുന്‍പെന്നത്തെക്കാളും ആ ഓര്മക്ക് ഇന്ന് അതീവ പ്രാധാന്യമുണ്ട്. രാമ മന്ത്രം ജപിച്ചു തീരാത്ത ചുണ്ടുകളെ നിശബ്ദമാക്കിയവര്‍ രാമന് പ്രാണമന്ത്രം ഓതുന്ന കാലം.
ആ നെഞ്ചിലേക്ക് വെടിയുണ്ട പായിച്ചവന്റെ ഭീരുത്വത്തിന് പിന്നിലെ ശക്തികളാണ് ചെങ്കോലുമണിഞ്ഞ് ഇന്ന് സിംഹാസനങ്ങളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നത്. വെറുപ്പിന്റെ കോട്ട കൊത്തളങ്ങള്‍ ബലപ്പെടുത്തുകയും വിഭജനത്തിന്റേയും വിഭാഗീയതയുടേയും അധമരാഷ്ട്രീയം പ്രചരിപ്പിക്കുകയുമാണവര്‍.
ഇവരുടെ ഇരുട്ടു കോട്ടകള്‍ക്കുള്ളില്‍ ഗാന്ധിയില്ല, രാമനില്ല, ഇന്ത്യയുമില്ല. ഗാന്ധിയുടെ രാമനും സീതയും ഗീതാവാക്യവും സത്യാന്വേഷണങ്ങളുമെല്ലാം ഇന്ത്യയായിരുന്നു. ഈ രാജ്യത്തെ അദ്ദേഹം അത്രത്തോളം ആഴത്തില്‍ സ്നേഹിച്ചു.
രക്തസാക്ഷിത്വങ്ങള്‍ ചിലതെല്ലാം ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കും. ഗാന്ധി ഘാതകര്‍ക്ക് ഈ രാജ്യത്തെ ഇനിയും വിട്ടു കൊടുക്കാതിരിക്കാം.
Post a Comment