കൂട്ടുപുഴ: കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴയില്‍ അത്യാധുനിക സൗകര്യത്തോടെ പുതിയ പോലീസ് എയ്ഡ് പോസ്റ്റ് നിർമിക്കും.
നിലവില്‍ പ്രഥമികാവശ്യങ്ങള്‍ക്കു പോലും സൗകര്യമില്ലാത്ത ഇടുങ്ങിയ ഒറ്റമുറിയിലാണ് ചെക്ക് പോസ്റ്റ് പ്രവർത്തിക്കുന്നത്. ഇരിട്ടി എഎസ്പിയുടെ കീഴിലെ അഞ്ച് സ്റ്റേഷനുകളിലെ വനിതാ പോലീസുകർ ഉള്‍പ്പെടെയുള്ളവരാണ് ഇവിടെ ഡ്യൂട്ടി ചെയ്യുന്നത്. അന്തർ സംസ്ഥാന അതിർത്തിയിലെ പോലീസ് എയ്ഡ്പോസ്റ്റിന്‍റെ ശോച്യാവസ്ഥയെ കുറിച്ച് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ എയ്ഡ് പോസ്റ്റ് കെട്ടിടത്തിന്‍റെ തറക്കല്ലിടല്‍ നാളെ രാവിലെ 10ന് സണ്ണി ജോസഫ് എംഎല്‍എ നിർവഹിക്കും. എഎസ്പി യോഗേഷ് മന്ദയ്യ അധ്യക്ഷത വഹിക്കും. എംഎല്‍എ ഫണ്ടില്‍നിന്ന് പത്തുലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടം നിർമിക്കുന്നത്. 350 സ്ക്വയർ ഫീറ്റില്‍ നിർമിക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ ശീതീകരിച്ച ഒരു മുറിയും ശുചിമുറിയുമാണ് ഉണ്ടാകുക. വാണിജ്യവകുപ്പിനും എക്‌സൈസിനും ആധുനിക സൗകര്യങ്ങള്‍ ഉള്ള പുതിയ കണ്ടയ്നർ ഓഫീസ് നേരത്തെ ലഭിച്ചിരുന്നെങ്കിലും പോലീസിന്‍റെ എയ്ഡ് പോസ്റ്റ് നവീകരിക്കാൻ നടപടി ഉണ്ടായിരുന്നില്ല.
Post a Comment