Join News @ Iritty Whats App Group

ഡോക്ടര്‍മാരുടെ കൂട്ട അവധി; പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ വലഞ്ഞ് രോഗികള്‍



പേരാവൂര്‍: പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതായതോടെ ദുരിതത്തിലായി നൂറുകണക്കിന് രോഗികള്‍.
സുപ്രണ്ടടക്കം 14 ഡോക്ടര്‍ തസ്തികകളുള്ള ആശുപത്രിയില്‍ നിലവില്‍ എട്ടുപേര്‍ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. 

സൂപ്രണ്ട് തസ്തികയില്‍ ഒന്ന്, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നാല്, അസി. സര്‍ജൻ തസ്തികയില്‍ രണ്ട്, ഗൈനക്ക് വിഭാഗത്തില്‍ മൂന്ന്, പീഡിയാട്രിക്സില്‍ ഒന്ന്, ഇഎൻടി വിഭാഗത്തില്‍ ഒന്ന്, ജൂണിയര്‍ കണ്‍സള്‍ട്ടന്‍റ് മെഡിസിൻ വിഭാഗത്തില്‍ രണ്ട് എന്നിങ്ങനെ 14 പേരാണ് യാഥാര്‍ഥത്തില്‍ ഇവിടെ സേവനത്തിനായി വേണ്ടത്. എന്നാല്‍ നിര്‍ധന രോഗികളടക്കം ആയിരത്തിലധികം പേര്‍ ദിവസേന ആശ്രയിക്കുന്ന ആശുപത്രിയില്‍ നിലവില്‍ എട്ടുപേരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. 

മുന്പ് ചാര്‍ജില്‍ ഉണ്ടായിരുന്നയാള്‍ സ്ഥലം മാറി പോയതോടെ 10 മാസമായി അസി. സര്‍ജന്മാരില്‍ ഒരാളാണ് സൂപ്രണ്ട് ഇൻ ചാര്‍ജ് വഹിക്കുന്നത്. ഈ കാരണത്താല്‍ അസി. സര്‍ജന്മാരിലും ഒരാളുടെ കുറവ് വന്നു. മെഡിസിൻ വിഭാഗത്തില്‍ ഒരാളും നാല് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരില്‍ രണ്ടുപേരും അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

എച്ച്‌എംസി ഏര്‍പ്പെടുത്തിയ താത്കാലിക ദന്തല്‍ അസി. സര്‍ജനൊഴിച്ചാല്‍ ദന്തരോഗവിഭാഗത്തില്‍ ദന്തല്‍ അസി. സര്‍ജൻ പോസ്റ്റിലും ആളില്ലാത്ത അവസ്ഥയാണ്.

ആയിരത്തിലധികം രോഗികള്‍ ഒപിയിലും അത്യാഹിത വിഭാഗത്തിലുമായെത്തുന്ന ആശുപത്രിയിലെ കൂട്ട അവധിയും തസ്തികകളുടെ അപര്യാപ്തതയും ആരോഗ്യവകുപ്പിന്‍റെ കടുത്ത അനാസ്ഥയാണെന്നാണ് രോഗികളുടെ ആരോപണം. ഒപിയിലെത്തുന്ന വലിയൊരു വിഭാഗത്തെ പരിശോധിക്കാൻ തന്നെ മിനിമം നാല് ഡോക്ടര്‍മാരെങ്കിലും നിര്‍ബന്ധമായി വേണ്ട സാഹചര്യമാണുള്ളത്. നല്ല തിരക്കുള്ള അത്യാഹിത വിഭാഗത്തിലും രണ്ട് ഷിഫ്റ്റിലായി രണ്ടുപേരും വേണം.

കൂടാതെ ജീവിതശൈലീരോഗ ക്ലിനിക്ക്, പനി ക്ലിനിക്, ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് എന്നിയിലും വേണം രണ്ട് ഡോക്ടര്‍ വീതം. ഇത്രയും ഡോക്ടര്‍മാര്‍ രോഗീപരിചരണത്തിന് അത്യാവശ്യമായിരിക്കെ നിലവില്‍ എട്ടുപേര്‍ മാത്രമാത്രം ഡ്യൂട്ടിയില്‍ ഉള്ളൂ എന്നത് അധികൃതരുടെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയാണ്. നിലവിലുള്ള നാലുപേര്‍ അവധിയിലായിട്ടും ബദല്‍ സംവിധാനം ഒരുക്കാനും ബന്ധപ്പെട്ടവര്‍ നടപടികള്‍ കൈക്കൊണ്ടിട്ടുമില്ല.

ശിശുരോഗ വിഭാഗത്തില്‍ ഒരു പീഡിയാട്രീഷനും ഒരു അനസ്തറ്റിസ്‌റ്റും ലഭ്യമാണ് എന്നതാണ് ചെറിയൊരാശ്വാസം. പക്ഷെ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയില്‍ ലഭ്യവുമല്ല.

നിലവിലെ തിരക്കില്‍ ഒപിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ ഒപി ഡ്യൂട്ടി കൂടി കൈകാര്യം ചെയ്യുന്നതിനാലാണ് സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം കിട്ടാതെ രോഗികള്‍ മടങ്ങേണ്ടി വരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group