ഇംഫാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് മണിപ്പൂരില്‍ തുടക്കമായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. മണിപ്പൂരിലെ സാഹചര്യം സൂചിപ്പിച്ചുകൊണ്ട് നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ ആഞ്ഞടിച്ചാണ് രാഹുലും ഖര്‍ഗെയും യാത്രയ്ക്ക് തുടക്കമിട്ടത്. നീതിക്കായുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. മണിപ്പൂര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടം നടന്ന മണ്ണാണ്. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ആയിരങ്ങളെ കണ്ടു. ഇത്രയും വലിയ യാത്ര ഇതിന് മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ല. സമൂഹത്തന്റെ നാനാ തുറയില്‍പ്പെട്ടവരുമായി അദ്ദേഹം സംവദിച്ചു. രാഹുല്‍ ഗാന്ധി ഭരണഘടനയെ സംരക്ഷിക്കാനാണ് പോരാടുന്നത്. പോരാട്ടം നീണ്ടതാണ്. നീതിക്കായുള്ള പോരാട്ടമാണ് നടക്കുന്നത്. മോദിയുടെത് ഏകാധിപത്യ മനോഭാവമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മണിപ്പൂരിനെ സമാശ്വസിപ്പിക്കാന്‍ ഇന്ന് വരെ പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്ന് രാഹുല്‍ തുറന്നടിച്ചു. മണിപ്പൂര്‍ ഇന്ത്യയിലല്ലെന്നാണ് ബിജെപിയുടെയും ആര്‍എസ് എസിന്റെയും ഭാവം. മണിപ്പൂരിനോട് ബിജെപിക്ക് വിദ്വേഷമാണ്. ആ രാഷ്ട്രീയം തുറന്ന് കാട്ടാനാണ് ഈ യാത്ര. നമ്മുടെ മൂല്യങ്ങള്‍ നമുക്ക് നഷ്ടപ്പെടുന്നു. ഒരിക്കലും കാണാത്തതും കേള്‍ക്കാത്തതുമായ കാര്യങ്ങളാണ് മണിപ്പൂരില്‍ ആദ്യം വന്നപ്പോള്‍ കണ്ടത്. മണിപ്പൂരില്‍ ലക്ഷങ്ങള്‍ ദുരിതത്തിലായ സാഹചര്യമുണ്ടായിട്ടും മോദി ഒരിക്കല്‍ പോലും വന്നില്ല. മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി ബിജെപി കാണുന്നില്ലെന്നത് ഇതില്‍ നിന്നും വ്യക്തമാണ്. ജനങ്ങളുടെ വേദന മനസ്സിലാക്കുന്നില്ല. യാത്ര തുടങ്ങതില്‍ പല അഭിപ്രായങ്ങളും വന്നു. പക്ഷെ മണിപ്പൂരില്‍ നിന്ന് തന്നെ യാത്ര തുടങ്ങണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. മണിപ്പൂരിന് നഷ്ടമായതെല്ലാം കോണ്‍ഗ്രസ് തിരിച്ച് കൊണ്ടുവരുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു.
രാജ്യം അതിരൂക്ഷമായ വിലക്കയറ്റത്തെയും തൊഴിലില്ലായ്മയെയും നേരിട്ടുക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയടക്കം ബിജെപിയും നരേന്ദ്രമോദിയും ചേര്‍ന്ന് ചില ആളുകള്‍ക്ക് മുന്നില്‍ അടിയറ വച്ചിരിക്കുകയാണ്. പിന്നാക്ക വിഭാഗങ്ങളുടെയെല്ലാം ശബ്ദം നഷ്ടമായിരിക്കുന്നു. ഈ വിഷയങ്ങള്‍ യാത്രയില്‍ ഉയര്‍ത്തിക്കാട്ടും. ദുരിതം നേരിടുന്ന പിന്നോക്ക വിഭാഗങ്ങള്‍ക്കെല്ലാമായാണ് ന്യായ് യാത്രയെന്നും രാഹുല്‍ പറഞ്ഞു.
Ads by Google
Post a Comment