ഇരിട്ടി: വിളമന വില്ലേജിലെ റീസര്‍വേ നടപടികളുടെ ഭാഗമായി അയ്യൻകുന്ന് വില്ലേജില്‍പെട്ട റവന്യൂ ഭൂമി അളയ്ക്കാൻ എത്തിയ ഉദ്യോഗസ്ഥരെ പഞ്ചായത്ത് പ്രസിഡന്‍റും ഭരണസമിതി അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു.
അയ്യൻകുന്ന് വില്ലേജിന്‍റെ കൈവശമുള്ള ബാരാപ്പോള്‍ പുഴയടക്കം യാതൊരു അറിയിപ്പും കൂടാതെ വിളമന വില്ലേജിന്‍റെ റീസര്‍വേ വിഭാഗം അളന്ന് തിട്ടപ്പെടുത്താൻ ശ്രമിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. നിരവധിയാളുകളുടെ വീടും സ്ഥലവും ഉള്‍പെടെ അളന്ന് തിരിച്ചതോടെയാണ് ജനം പ്രതിഷേധവു മായി രംഗത്തെത്തിയത്. നാട്ടുകാര്‍ ഇക്കാര്യം പഞ്ചായത്ത് അധികൃതരെ അറിയിച്ചു. യാതൊരു അറിയിപ്പും നല്‍കാതെ നടത്തിയ സര്‍വേയെക്കുറിച്ച് അറിയിച്ചതോടെ പ്രസിഡന്‍റും ഭരണസമിതി അംഗങ്ങളും നേരിട്ടെത്തി സര്‍വേ ജീവനക്കാരെ മടക്കി അയയ്ക്കുകയായിരുന്നു.
ജോണി തെനംകാലയുടെ പുരയിടത്തില്‍ സര്‍വേ നടത്തുമ്ബോഴാണ് പ്രസിഡന്‍റും ഭരണ സമിതി അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് റീ സര്‍വേ പ്രവൃത്തി തടഞ്ഞത്. പനച്ചിക്കല്‍ മേരിയുടെ വീട് ഉള്‍പ്പെടെ പുതിയ സര്‍വേയില്‍ ഉള്‍പെടുന്ന രീതിയിയില്‍ കുറ്റികളും സ്ഥാപിച്ചിരുന്നു. കടയ്ക്കില്‍ റെജി, പോള്‍ തിരുനെല്ലൂര്‍, തോമസ് മണ്ഡപത്തില്‍, അപ്രേം പുത്തൻപുരക്കല്‍ തുടങ്ങിയ നിരവധി കര്‍ഷകരുടെ ഭൂമിയിലാണ് അനുവാദം ഇല്ലാതെ റീ സര്‍വേ ജീവനക്കാര്‍ കുറ്റികള്‍ സ്ഥാപിച്ചത്.
എന്തിന്‍റെ പേരിലാണെങ്കിലും ഇത്തരം ഒരു സര്‍വേ അനുവദിക്കില്ല എന്ന നിലപാടിലാണ് നാട്ടുകാര്‍. അയ്യൻകുന്ന് വില്ലേജിന്‍റെ പരിധിയിപ്പെടുന്ന ബാരാ പോള്‍ പുഴയടക്കം വിളമന വില്ലേജിലേക്ക് ചേര്‍ക്കുന്നതിന്‍റെ ഭാഗമായാണ് രഹസ്യ സര്‍വേയെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ആരോപിച്ചു. അയ്യൻകുന്നിന് ഇത് നികുതി നഷ്ടവും ഉണ്ടാക്കും. പ്രസിഡന്‍റിനൊപ്പം വൈസ് പ്രസിഡന്‍റ് ബീന റോജസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ സീമ സനോജ്, ഐസക് ജോസഫ്, സിന്ധു ബെന്നി, മൊംബര്‍ സെലീന ബിനോയി എന്നിവരും ഉണ്ടായിരുന്നു.
Post a Comment