തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാന് നോട്ടീസ്. ഗൺമാൻ അനിൽ കുമാറിനാണ് ആലപ്പുഴ സൗത്ത് പോലീസ് നോട്ടീസ് നൽകിയത്.
ആലപ്പുഴയിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ കേസിലാണ് നടപടി. തിങ്കളാഴ്ച ചോദ്യം ചെയ്യാൻ ഹാജരാകണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിർദേശം. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് എത്തിയാണ് നോട്ടീസ് കൈമാറിയത്.
കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. കേസെടുത്ത് ഒരു മാസമായിട്ടും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. കേസിലെ ഒന്നാം പ്രതിയാണ് മുഖ്യമന്ത്രിയുടെ ഗൺമാനായ അനിൽ കുമാർ. സുരക്ഷാസേനയിലെ എസ്. സന്ദീപിനും നോട്ടീസ് നൽകി. ഇവർക്കു പുറമേ കണ്ടാലയറിയുന്ന ഉദ്യോഗസ്ഥരുമാണ് കേസിലെ മറ്റ് പ്രതികൾ.
ആയുധം കൊണ്ട് ആക്രമിക്കുക, ഗുരുതരമായി പരക്കേൽപ്പിക്കുക, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെങ്കിലും കോടതിയിൽ കുറ്റം തെളിഞ്ഞാൽ ഏഴു വർഷം വരെ തടവ് ലഭിക്കാം.
Post a Comment