സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത മടങ്ങും വഴി അപകടത്തിൽ കാൽവിരൽ നഷ്ടമായ പത്താം ക്ലാസുകാരൻ ആശുപത്രി വിട്ടു. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഫൈസലിനാണ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ട് അപകടം സംഭവിച്ചത്. 20 ദിവസത്തിനുശേഷമാണ് ഫൈസൽ വീട്ടിലേക്ക് മടങ്ങുന്നത്.
വട്ടപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് നേടിയാണ് ഫൈസലും സംഘവും കൊല്ലത്തെ കലോത്സവ നഗരി വിട്ടത്. ഫൈസൽ ആയിരുന്നു മണവാളൻ. എ ഗ്രേഡിന്റെ മൊഞ്ചുമായി സംഘം യാത്ര ചെയ്തത് ചെന്നൈ ഗുരുവായൂർ എക്സ്പ്രസ്സിൽ. നിന്ന് തിരിയാൻ ഇടമുണ്ടായിരുന്നില്ല ജനറൽ കമ്പാർട്ട്മെന്റിൽ. ഇതോടെ കൂട്ടുകാരും വാതിൽപ്പടിയിൽ ഇരിപ്പുറപ്പിച്ചു. മൺട്രോതുരുത്തിന് സമീപം വെച്ചാണ് അപ്രതീക്ഷിത അപകടം ഉണ്ടാകുന്നത്.
അപകടത്തിൽ അറ്റുതൂങ്ങിയ ഇടത് കാലിലെ പെരുവിരൽ പൂർണമായി മുറിച്ചു മാറ്റി. കൊച്ചി സ്പെഷ്യലിസ്റ്റ് ആശുപത്രിയിലെ ചികിത്സയിൽ മറ്റ് പരിക്കുകൾ ഭേദമായി. പ്ലാസ്റ്റിക് സർജറിയും രണ്ട് ശാസ്ത്രക്രിയകളും പൂർത്തിയാക്കി. ഇന്നലെ വൈകിട്ടോടെ ഫൈസൽ ആശുപത്രി വിട്ടു. പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായ ഫൈസൽ പുതു ജീവിതത്തിലേക്കാണ് നടന്ന് തുടങ്ങുന്നത്.
Post a Comment