സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി സിറ്റി പൊലീസ്. ഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളടങ്ങുന്ന ജാഗ്രതാ നിർദേശം സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് പങ്കുവച്ചത്. സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുമ്പോൾ ഒരു കാരണവാശാലും അപരിചിതരിൽ നിന്നോ ഓപ്പൺ മാർക്കറ്റുകളിൽ നിന്നോ മൊബൈൽ ഫോൺ വാങ്ങരുത്. ഇത്തരം ഫോണുകൾ മോഷ്ടിക്കപ്പെട്ടതോ കളഞ്ഞു പോയതോ ആയിരിക്കാമെന്നുമാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം കോഴിക്കോട് വച്ച് മോഷണം പോയ ഒരു മൊബൈൽ ഫോൺ തിരൂരിലെ ഒരു സൺഡേ മാർക്കറ്റിൽ വച്ച് ചെറിയ തുകയ്ക്ക് ഒരാൾ വാങ്ങി ഉപയോഗിക്കുകയായിരുന്നു. ഫോണിന്റെ യഥാർത്ഥ ഉടമസ്ഥന്റെ പരാതി പ്രകാരം കോഴിക്കോട് സിറ്റി പോലീസ് സി. ഇ. ഐ. ആർ പോർട്ടൽ വഴി ഫോൺ കണ്ടെത്തി. യഥാർത്ഥ ഉടമസ്ഥന് സൈബർ സെൽ മുഖേന ഫോൺ തിരികെ ലഭിച്ചു. കഴിഞ്ഞ ഡിസംബറിൽ മാത്രം 30 ഫോണുകളാണ് ഇത്തരത്തിൽ കണ്ടെത്തിയിട്ടുള്ളത്. മൂന്ന് മാസത്തെ കണക്കെടുത്താൽ നൂറിലധികം ഫോണുകൾ തിരികെ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തിരൂർ, എസ്.എം സ്ട്രീറ്റ് സൺഡേ മാർക്കറ്റുകളിലാണ് ഫോൺ വിൽപ്പന കൂടുതലായി കാണുന്നത്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നതിനാൽ ഇവിടെ ഫോണുകൾക്ക് ആവശ്യക്കാരേറെയാണ്. ഈ സംഭവം വ്യാപകമായപ്പോഴാണ് പൊലീസ് ജാഗ്രതാ നിർദേശം പുറത്തിറക്കിയത്. ഇത്തരത്തിൽ ദുരനുഭവം വരാതിരിക്കാൻ സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോൺ വാങ്ങുമ്പോൾ വിശ്വസനീയമായ കടയിൽ നിന്നും മാത്രം വാങ്ങുകയെന്നതാണ് നിർദേശം.
Post a Comment