തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി സമരജ്വാല സംഘടിപ്പിക്കും.
സംസ്ഥാന കമ്മിറ്റിയുടെ നിർദേശാനുസരണം ഇന്ന് വൈകുന്നേരം ആറിനാണ് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലേക്കും മണ്ഡലം ആസ്ഥാനങ്ങളിലേക്കും പ്രതിഷേധമാർച്ചും സമരവും സംഘടിപ്പിക്കാൻ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി നേതാക്കൾക്ക് നിർദേശം നൽകി.
സമരജ്വാല എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ യൂത്ത് കോണ്‍ഗ്രസിന് പുറമെ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കും. വരുംദിവസങ്ങളിൽ സംസ്ഥാന വ്യാപകമായ ശക്തമായ സമരത്തിനും രൂപം നൽകിയതായി അബിന്‍ വര്‍ക്കി വ്യക്തമാക്കി.
അതേസമയം പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഇന്ന് രാവിലെ പതിനൊന്നിന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തുന്നുണ്ട്. യുഡിഎഫ് എംഎൽഎമാർ ഉൾപ്പെടെയുള്ളവർ മാർച്ചിനെ അഭിസംബോധന ചെയ്യും. സംഘർഷ സാധ്യത കണക്കിലെടുത്ത് സെക്രട്ടേറിയറ്റ് പരിസരത്ത് കനത്ത സുരക്ഷയാകും പോലീസ് ഒരുക്കുക.
കഴിഞ്ഞ മാസം 20 ന് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് ഇന്നലെ പുലർച്ചെ രാഹുൽ മാങ്കൂട്ടത്തിന്റെ അടൂരിലെ വീട് വളഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് നടപടിയിൽ ഇന്നലെ മുതൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്ന് വരികയാണ്. രാഹുലിനെതിരെയുള്ള കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. കോടതി റിമാന്റ് ചെയ്ത രാഹുലിനെ പൂജപ്പുര സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഈ മാസം 22 വരെയാണ് റിമാന്‍ഡ് ചെയ്തത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്നലെ മുതൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുകയാണ്. ഇന്നലെ കാസർഗോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചിരുന്നു.
Post a Comment