കണ്ണൂർ: കണ്ണൂർ സിവിൽ സ്റ്റേഷനിൽ സമരം ചെയ്ത എം. വിജിൻ എംഎൽഎയെ മനസ്സിലായില്ലെന്ന് എസ്ഐ ഷമീലിന്റെ മൊഴി. നഴ്‌സിങ് അസോസിയേഷൻ ഭാരവാഹിയെന്ന് കരുതിയാണ് എംഎൽഎക്കെതിരെ പ്രതികരിച്ചത്. മൈക്ക് പിടിച്ചുവാങ്ങിയത് കളക്ടറേറ്റ് വളപ്പിൽ വിലക്കുള്ളതിനാലാണെന്നും എസ്ഐ ഷമീലിന്റെ മൊഴിയിൽ പറയുന്നു. എംഎൽഎയുടെ പേര് ചോദിച്ചത് എസ്ഐ പറഞ്ഞിട്ടാണെന്ന് പിങ്ക് പൊലീസ് ഉദ്യോഗസ്ഥയും മൊഴി നൽകി.
അതേസമയം, എസ്ഐ ഷമീലിനെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് വിജിൻ എംഎൽഎ. സുരക്ഷാ വീഴ്ച മറച്ചുവെക്കാനാണ് എസ്ഐ ശ്രമിച്ചത്. പരാതി അന്വേഷിക്കുന്ന എസിപി മുൻപാകെയാണ് മൊഴി നൽകിയത്. അന്വേഷണ റിപ്പോർട്ട് ഉടൻ കമ്മീഷണർക്ക് കൈമാറും. എം വിജിൻ എംഎൽഎയോട് തട്ടിക്കയറിയ കണ്ണൂർ ടൗൺ എസ്ഐക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യതയുണ്ട്. പ്രോട്ടോക്കോൾ ലംഘിച്ച് പെരുമാറിയെന്നും കളക്ടറേറ്റിൽ സുരക്ഷ ഒരുക്കുന്നതിൽ വീഴ്ചയുണ്ടായെന്നുമാണ് കണ്ടെത്തൽ.
കണ്ണൂർ ടൗൺ എസ്ഐക്കെതിരെ എം. വിജിൻ എംഎൽഎ നൽകിയ പരാതിയിലാണ് അന്വേഷണം പൂർത്തിയാക്കി അസിസ്റ്റന്റ് കമ്മീഷണർ ഇന്ന് റിപ്പോർട്ട് നൽകുക. എംഎൽഎയുടെ പരാതി ശരിവെക്കുന്ന കണ്ടെത്തലുകൾ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. എസ്ഐ എംഎല്‍എയെ അപമാനിയ്ക്കാൻ ശ്രമിച്ചുവെന്നും പ്രോട്ടോകോൾ ലംഘിച്ചു പെരുമാറിയെന്നും പ്രസംഗിക്കുമ്പോൾ മൈക്ക് തട്ടിപറിച്ചെന്നും പരാതിയിൽ ഉന്നയിച്ചിരുന്നു. നഴ്‌സിങ് സംഘടനയുടെ പ്രകടനം കളക്ടറേറ്റിലേക്ക് എത്തിയപ്പോൾ സുരക്ഷ ഒരുക്കുന്നതിലും വീഴ്ച ഉണ്ടായെന്നാണ് കണ്ടെത്തൽ. എസ് ഐ, കെജിഎന്‍എ ഭാരവാഹികൾ തുടങ്ങിയവരുടെ മൊഴി ഇന്നലെ എസിപി രേഖപ്പെടുത്തിയിരുന്നു. എസ്ഐ പി പി ഷമീലിന് എതിരെ വകുപ്പുതല നടപടിക്കാണ് സാധ്യതയെന്നാണ് വിവരം.
Post a Comment