Join News @ Iritty Whats App Group

പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്ത സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി


കൊച്ചി: കോഴിക്കോട് പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ ഭിന്നശേഷിക്കാരനായ വളയത്തു ജോസഫ് (74)എന്ന പാപ്പച്ചൻ തൂങ്ങിമരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസിൽ തുടർ നടപടികൾക്കായി ചീഫ്ജസ്റ്റിസിന്റെ അനുമതി തേടി. കേന്ദ്രസർക്കാർ, സാമൂഹ്യനീതിവകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടർ, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരെ കേസിൽ എതിർകക്ഷികളാക്കും. അതേസമയം, ജോസഫിന്റെ മരണത്തിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. 

കലക്ട്രേറ്റിന് മുന്നിൽ ജോസഫിന്റെ മൃതദേഹം വെച്ച് യുഡിഎഫ് പ്രതിഷേധിച്ചു. ജോസഫിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം, വീട് വെച്ച് നൽകണമെന്നും മകൾക്ക് ജോലി നൽകണമെന്നുമാണ് കോൺ​ഗ്രസ് ആവശ്യപ്പെടുന്നത്. എംകെ രാഘവൻ എം.പി, ലീഗ് ജില്ല പ്രസി. എം. എ റസാഖ് മാസ്റ്റർ, ഡി.സി.സി പ്രസി. പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. ജോസഫിന്റെ മരണത്തിൽ പ്രതിഷേധിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി പ്രവർത്തകരും മാർച്ച്‌ നടത്തി. അതിനിടെ, ജോസഫിന്റെ മൃതദേഹം മുതുകാട്ടിലെ വീട്ടിൽ എത്തിച്ചു. സംസ്കാരം വൈകിട്ട് 4.30ന് മുതുകാട് ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ നടക്കും. 

കോഴിക്കോട് ചക്കിട്ടപാറ മുതുകാട്ടിൽ ഇന്നലെയാണ് ഭിന്നശേഷിക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വികലാംഗ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് പാപ്പച്ചൻ നേരത്തെ പഞ്ചായത്ത്‌ ഓഫീസിൽ കത്തു നൽകിയിരുന്നു. കിടപ്പു രോഗിയായ മകൾക്കും ജോസഫിനും കഴിഞ്ഞ അഞ്ചു മാസമായി പെൻഷൻ മുടങ്ങിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group