ന്യൂഡൽഹി: നരേന്ദ്രമോദി ഒരിക്കൽക്കൂടി പ്രധാനമന്ത്രിയായാല്‍ പിന്നെ തെരഞ്ഞെടുപ്പുണ്ടാകില്ലെന്നു കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. മോദി വീണ്ടും വന്നാല്‍ 2024 ലേത് അവസാന തെരഞ്ഞെടുപ്പാകും. റഷ്യയിലെ പുടിനെ പോലെയാകും മോദി. ഇന്ത്യയില്‍ ഏകാധിപത്യം വരുമെന്നും ജനാധിപത്യം ഇല്ലാതാകുമെന്നും മല്ലികാർജ്ജുൻ ഖാർഗെ വിമര്‍ശിച്ചു. ബിജെപിയും ആർഎസ്എസും വിഷമാണെന്നും ഖാർഗെ പരിഹസിച്ചു. ഒഡീഷയിലെ കോണ്‍ഗ്രസ് പരിപാടിയിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ വിമർശനം.
ബിജെപിക്ക് വോട്ട് ചെയ്യരുതെന്നും ജനാധിപത്യം സംരക്ഷിക്കാനുള്ള അവസാന അവസരമാണെന്നും ഖാർഗെ അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധി ‘സ്നേഹത്തിന്റെ കട’ തുറന്നത് അദ്ദേഹത്തിന് രാജ്യത്തെ ഒന്നിപ്പിക്കണമെന്നുള്ളതുകൊണ്ടാണ്. ബി.ജെ.പി ‘വെറുപ്പിന്റെ കട’ തുറക്കുന്നത് അവർക്ക് ഭിന്നിപ്പിച്ച് ഭരിക്കണമെന്നുളളതുകൊണ്ടാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
“കോൺഗ്രസ് സർക്കാർ കഴിഞ്ഞ 70 വർഷമായി എന്താണ് ചെയ്തതെന്ന് മോദിജിയും മറ്റുള്ളവരും ചോദിക്കുന്നു. ജനാധിപത്യം സംരക്ഷിക്കുന്നത് ഞങ്ങളാണ്. മോദി മുഖ്യമന്ത്രിയായപ്പോഴും പിന്നീട് പ്രധാനമന്ത്രിയായപ്പോഴും ഞങ്ങൾ ജനാധിപത്യത്തേയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സാമൂഹിക നീതി എന്നിവയേയും സംരക്ഷിച്ചു” എന്നും ഖാർഗെ പറഞ്ഞു.
Post a Comment