മട്ടന്നൂർ | കണ്ണൂർ വിമാനത്താവളം വഴിയുള്ള പ്രതിമാസ യാത്രക്കാർ വീണ്ടും ഒരു ലക്ഷം കടന്നു.
ഡിസംബറിൽ 1,05,423 പേരാണ് കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്. മേയിൽ ഗോ ഫസ്റ്റ് സർവീസുകൾ നിർത്തിയ ശേഷം ഓഗസ്റ്റിൽ മാത്രമാണ് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിൽ എത്തിയത്.
1,01,357 യാത്രക്കാരാണ് ഓഗസ്റ്റിൽ ഉണ്ടായിരുന്നത്. അന്താരാഷ്ട്ര യാത്രക്കാരുടെ കണക്കെടുത്താൽ ഡിസംബറിൽ രാജ്യത്തെ വിമാന താവളങ്ങളിൽ 14-ാം സ്ഥാനത്താണ് കണ്ണൂർ. 63,505 അന്താരാഷ്ട്ര യാത്രക്കാരും 41,918 ആഭ്യന്തര യാത്രക്കാരുമാണ് ഡിസംബറിൽ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്.
നവംബറിലേതിനെക്കാൾ 8987 ആഭ്യന്തര യാത്രക്കാർ കൂടിയപ്പോൾ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 2333 പേരുടെ കുറവുണ്ടായി. വിമാന കമ്പനികളുടെ വേനൽക്കാല ഷെഡ്യൂൾ അടുത്ത മാസം പകുതിയോടെ തയ്യാറാകും.
കണ്ണൂർ വിമാനത്താവളത്തിൽ നിലവിലെ സർവീസുകൾ തന്നെ തുടരുമെന്നാണ് വിവരം. മുൻപ് സർവീസ് ഉണ്ടായിരുന്ന ദമാം, ഡൽഹി എന്നിവിടങ്ങളിലേക്ക് സർവീസുകൾ വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
Post a Comment