തിരുവനന്തപുരം:ഡിഎ കുടിശിക അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സംഘടനകളുടെ കീഴിലുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കില്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റ് ഗേറ്റിന് മുന്നില്‍ സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ സര്‍വീസ് സംഘടന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധ യോഗം നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഇടതു സംഘടനാ പ്രവര്‍ത്തകരും പണിമുടക്ക് നടത്തുന്ന പ്രതിപക്ഷ സര്‍വീസ് സംഘടന പ്രവര്‍ത്തകരും തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. പൊലീസ് ഇടപെട്ടാണ് സംഘര്‍ഷം നിയന്ത്രണവിധേയമാക്കിയത്. ഇരുവിഭാഗവും തമ്മില്‍ പോര്‍വിളി തുടര്‍ന്നുകൊണ്ടായിരുന്നു സംഘര്‍ഷം. പണിമുടക്കിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്നതിനിടെ ഇടത് സംഘടനാ പ്രവര്‍ത്തകന്‍ ഇരുചക്രവാഹനത്തില്‍ പലതവണയായി ഗേറ്റിലൂടെ കടന്നുപോയി മനപൂര്‍വം പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രതിപക്ഷ സംഘടനാ നേതാക്കള്‍ ആരോപിച്ചത്.
തുടര്‍ന്ന് വാഹനത്തില്‍ പോയ ആളെ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. വാഹനം പിന്നീട് പൊലീസ് ഉള്‍പ്പെടെ ഇടപ്പെട്ട് കടത്തിവിട്ടു. സെക്രട്ടേറിയറ്റിലേക്ക് പോകുന്നവരെ തടയില്ലെന്നും സമരവുമായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തെന്നും പ്രതിപക്ഷ സംഘടനാ നേതാക്കള്‍ പറഞ്ഞു. എന്നാല്‍, ഗേറ്റിന് മുന്നില്‍നിന്ന് പ്രതിഷേധം മാറ്റണമെന്നാവശ്യപ്പെട്ട് കൂടുതല്‍ ഇടതു സംഘടനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്. തിരുവനന്തപുരം എസ്എന്‍വി സ്കൂളിന് മുന്നില്‍ അധ്യാപകര്‍ തമ്മിലും വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. സമരക്കാര്‍ അധ്യാപകരെ തടഞ്ഞത് കെഎസ്ടിഎ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിന് കാരണമായത്.
തിരുവനന്തപുരത്തിന് പുറമെ മറ്റു ജില്ലകളിലും പണിമുടക്ക് ആരംഭിച്ചു. സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർ കോഴിക്കോട് കലക്ട്രറ്റിന് മുന്നിൽ പ്രകടനം നടത്തി.. യുഡിഎഫ് അനുകൂല സര്‍വ്വീസ് സംഘടനകളും ബിജെപി അനുകൂല സംഘടന ഫെറ്റോയും ഉൾപ്പടെയുള്ളവരാണ് പണിമുടക്കുന്നത്. അടിയന്തര സാഹചര്യത്തിലല്ലാത്ത അവധികൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ സമരം നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ആനുകൂല്യങ്ങൾക്ക് ആരും എതിരല്ലെന്നും പ്രതിപക്ഷം പിന്തുണ നൽകുന്നത് അനാവശ്യ സമരത്തിനാണെന്നുമാണ് സര്‍ക്കാർ നിലപാട്.
ഇതിനിടെ സർക്കാർ നൽകാനുള്ള വിവിധ കുടിശ്ശികകളുടെ കണക്ക് പുറത്തുവന്നു. 7973.50 കോടിയാണ് ജീവനക്കാർക്കുള്ള ഡിഎ കുടിശ്ശിക. പെൻഷൻകാർക്കുള്ള ഡിഎ കുടിശ്ശിക 4722.63 കോടിയാണ്. പേ റിവിഷൻ കുടിശ്ശികയിനത്തിൽ ജീവനക്കാർക്ക് 4000 കോടി നൽകാനുണ്ട്. ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ സമർപ്പിച്ച കണക്കുകളാണിത്.ശമ്പള പരിഷ്കരണ കുടിശിക, ആറു ഗഡു ഡിഎ കുടിശിക, ലീവ് സറണ്ടര്‍ ആനുകൂല്യങ്ങൾ തുടങ്ങി പൊതു സര്‍വ്വീസിലെ അപാകങ്ങളും മാനദണ്ഡം പാലിക്കാത്ത സ്ഥലം മാറ്റങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് സമരം.സെക്രട്ടേറിയറ്റ് ജീവനക്കാരുടെ കോൺഗ്രസ് അനുകൂല സംഘടന കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും പണിമുടക്കി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംഘടനക്കകത്തെ പ്രശ്നം കാരണം സെക്രട്ടേറിയറ്റ് അസോസിയേഷനിൽ ഒരു വിഭാഗം പണിമുടക്കുമായി സഹകരിക്കേണ്ടെന്ന് നിലപാടെടുത്തിട്ടുമുണ്ട്.
Post a Comment