ദില്ലി: ബിഹാറിൽ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള സാധ്യതകള്‍ സജീവമായി. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചര്‍ച്ചകള്‍ സജീവമാക്കിയതിന് പിന്നാലെയാണ് വലിയ ട്വിസ്റ്റുകള്‍ക്ക് വഴിയൊരുങ്ങിയത്. എന്‍ഡിഎയുമായി ചേര്‍ന്ന് നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീമാക്കിയതായാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന് നിതീഷ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് നല്‍കാമെന്നും ജെഡിയു ഫോര്‍മുലയായി മുന്നോട്ടു വെച്ചിട്ടുണ്ട്. നിര്‍ണായക ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഞായറാഴ്ച വരെയുള്ള നിതീഷ് കുമാറിന്‍റെ പൊതുപരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.
ഫോര്‍മുല ബിജെപി അംഗീകരിച്ചാല്‍ എന്‍ഡിഎ സഖ്യത്തോടൊപ്പം ജെഡിയു ചേരുമെന്നും ഞായറാഴ്ച തന്നെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്. ബിഹാറില്‍ ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ നാടകത്തില്‍ അന്തിമ തീരുമാനം എന്തായിരിക്കുമെന്നാണ് കണ്ടറിയേണ്ടത്. എന്‍ഡിഎയുമായി ചേര്‍ന്നുള്ള പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് മുന്നോടിയായി നിലവിലെ മഹാസഖ്യ സര്‍ക്കാര്‍ നിതീഷ് കുമാര്‍ പിരിച്ചുവിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്‍ഡിഎ മുന്നണിയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ നിതീഷ് കുമാറിനെ അനുനയിപ്പിക്കാന്‍ ഇന്ത്യ സഖ്യം തീവ്രശ്രമം നടത്തിയിരുന്നു. എന്നാല്‍, അനുനയ നീക്കങ്ങള്‍ക്കിടെയാണ് ഞായറാഴ്ച വരെയുള്ള പൊതുപരിപാടി ഉള്‍പ്പെടെ റദ്ദാക്കികൊണ്ടുള്ള നിതീഷ് കുമാറിന്‍റെ നിര്‍ണായക തീരുമാനങ്ങള്‍ പുറത്തുവരുന്നത്. ലാലു പ്രസാദ് യാദവിനെ ഇറക്കിയാണ് നിതീഷ് കുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി ഇന്ത്യ മുന്നണി മുന്നോട്ട് പോവുന്നത്.
അതേസമയം, നിതീഷ് കുമാറിനെതിരെ എൻഡിഎയിലും അതൃപ്തിയുണ്ട്. നിതീഷ് കുമാറിനെ സ്വീകരിക്കരുതെന്നാണ് എൻഡിഎയിലെ ഒരുവിഭാഗത്തിന്‍റെ ആവശ്യം. നിതീഷ് വിശ്വസിക്കാൻ കൊള്ളാത്ത നേതാവാണെന്ന് ബിഹാറിൽ നിന്നുള്ള കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെ പരാമർശം ഇത് സൂചിപ്പിക്കുന്നതാണ്. എൻ ഡി എ മുന്നണിയിലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ നിതീഷ് കുമാറും ജെ ഡി യുവും ബി ജെ പി നേതാക്കളുമായി ചർച്ച തുടങ്ങിയതായാണ് പുറത്തുവരുന്ന വിവരം. ഈ ആഴ്ച നിർണായകമാണെന്നും എൻ ഡി എ മുന്നണിയിലേക്കുള്ള മടക്കത്തിന്‍റെ കാര്യത്തിൽ ഒരാഴ്ചക്കകം തീരുമാനം ഉണ്ടായേക്കുമെന്നുമാണ് ജെ ഡി യു വൃത്തങ്ങൾ പറയുന്നത്. ബിഹാർ ബി ജെ പി സംസ്ഥാന അധ്യക്ഷനെ ദേശീയ നേതാക്കൾ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇത് ജെ ഡി യുവിന്‍റെ മടങ്ങിവരവിന്‍റെ ഭാഗമായാണെന്നതടക്കമുള്ള റിപ്പോർട്ടുകളാണ് പുറത്തുവിടുന്നത്.
Post a Comment