ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ വാണിപ്പാറ അട്ടയോലിയിൽ ജനവാസ മേഖലയിലിറങ്ങിയ പുലി വളർത്തുനായയെ ആക്രമിച്ചു. ആക്രമിച്ചത് പുലിതന്നെ എന്ന് കാൽപ്പാടുകൾ പരിശോധിച്ച വനം വകുപ്പ് അധികൃതർ സ്ഥിരീകരിച്ചു.
ഗോപി പുത്തൻപുരക്കലിൻ്റെ വീട്ടിലെ വളർത്തു നായക്കാണ് പുലിയുടെ ആക്രമത്തിൽ പരിക്ക് പറ്റിയത്. കഴിഞ്ഞദിവസം രാത്രിയാണ് വളർത്തുന്നയെ പുലി ആക്രമിച്ചത്. നായയുടെ കഴുത്തിലാണ് പരിക്ക് പറ്റിയത്. രാവിലെ ഇത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇരിട്ടി ഡെപ്യൂട്ടി റെയിഞ്ചർ കെ. ജിജിലിൻ്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി നായയെ ആക്രമിച്ച സ്ഥലത്തുള്ള കാൽപ്പാട് പരിശോധിച്ചാണ് പുലിയാണെന്ന് സ്ഥിരീകരിച്ചത്. കൊട്ടിയൂർ, കർണ്ണാടക വനാതിർത്തികൾ പങ്കിടുന്ന അയ്യൻകുന്ന് പഞ്ചായത്തിലെ വനാതിർത്തികളോട് ചേർന്ന പല ഗ്രാമങ്ങളിലും ഇപ്പോൾ വന്യ ജീവികളെ നാട്ടുകാർ കാണാറുണ്ട്. ഇതോടെ ഈ മേഖലയിലുള്ള ജനങ്ങളോട് ജാഗ്രത പാലിക്കാൻ വനം വകുപ്പും പഞ്ചായത്ത് അധികൃതരും നിർദ്ദേശം നൽകിയിരിക്കുകയാണ്.
Post a Comment