തിരുവനന്തപുരം: കേരളാനിയമസഭയുടെ സമ്മേളന ചരിത്രത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ സമയത്തില്‍ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തിയ സമ്മേളനത്തില്‍ ഗവര്‍ണര്‍ വായിക്കേണ്ടിയിരുന്നത് 63 പേജുകള്‍ വരുന്ന നയപ്രഖ്യാപന പ്രസംഗം. കേന്ദ്ര സര്‍ക്കാരിനെ രൂക്ഷ വിമര്‍ശനം നടത്തുന്ന രീതിയില്‍ തയ്യാറാക്കിയിരുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വായിച്ചത് അവസാന വരി മാത്രമായിരുന്നു. ഒരു മിനിറ്റും 12 സെക്കന്റും മാത്രമായിരുന്നു നയപ്രഖ്യാപന പ്രസംഗം നീണ്ടുനിന്നത്.
രാവിലെ സഭയിലെത്തിയ ഗവര്‍ണര്‍ വന്നതും പ്രസംഗിച്ചതും പോയതുമെല്ലാം ക്ഷണ നേരത്തിലായിരുന്നു. രണ്ടുതവണയുള്ള ദേശീയഗാനം ഉള്‍പ്പെടെ എല്ലാം അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ കഴിഞ്ഞു. കേന്ദ്രനയത്തിനെതിരേയുള്ള വിമര്‍ശനമായിരുന്നു നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടായിരുന്നത്. കേന്ദ്രനയം ഫെഡറല്‍ സംവിധാനത്തിന് വെല്ലുവിളിയാണെന്നും കേന്ദ്ര നിലപാടില്‍ അടിയന്തിരമായ പുന പരിശോധന വേണമെന്നും പറയുന്നു. സര്‍ക്കാരിന്റെ അതിശയകരമായ വികസനത്തിന് വെല്ലുവിളിയായത് കേന്ദ്രമാണെന്നും കേന്ദ്രവും സംസ്ഥാനവും തമ്മില്‍ അസമത്വം നില നിര്‍ത്തുന്നതായും പറയുന്നു. അര്‍ഹതപ്പെട്ട ഗ്രാന്റും സഹായ വിതരണവും തടഞ്ഞുവെയ്ക്കുന്ന സ്ഥിതിയുണ്ടെന്നും പറഞ്ഞിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ പണഞെരുക്കം ഉണ്ടാക്കി കടമെടുപ്പ് നിയന്ത്രണം കൊണ്ടുവന്ന് വലിയ പ്രതിസന്ധിയുണ്ടാക്കിയെന്നും ഇത് സംസ്ഥാനങ്ങളുടെ ധനസ്ഥിതി കൂടുതല്‍ പരിമിതമാക്കിയെന്നും സുപ്രീംകോടതിയെ സമീപിക്കാന്‍ വരെ നിര്‍ബ്ബന്ധിതമായെന്നും പറയുന്നു. വയ്പാരിധി വെട്ടിക്കുറച്ചത് കാരണം കടുത്ത പണഞെരുക്കം ഉണ്ടായെന്നും പരിമിതി കടന്ന് വികസന ചെലവ് ഏറ്റെടുക്കാന്‍ സംസ്ഥാനങ്ങള്‍ നിര്‍ബ്ബന്ധിതരായെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു. എന്നാല്‍ പ്രസംഗത്തിന്റെ അവസാന വരി മാത്രമാണ് ഗവര്‍ണര്‍ വായിച്ചത്. എന്റെ സര്‍ക്കാര്‍ എന്നു പോലും ഗവര്‍ണര്‍ പറഞ്ഞില്ല. നേരത്തേ സഭയിലേക്ക് എത്തിയപ്പോള്‍ കിട്ടിയ പൂച്ചെണ്ട് സ്വീകരിച്ചെങ്കിലും മുഖ്യമന്ത്രിക്ക് കൈ കൊടുക്കാനും കൂട്ടാക്കിയില്ല. ഒരുപക്ഷേ ഇത് ഇന്ത്യയിലെ നിയമസഭകളുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ നയപ്രഖ്യാപനം ആയിരിക്കും.
നേരത്തേ സഭാ കവാടത്തില്‍ ഗവര്‍ണര്‍ക്ക് സ്വീകരണം നല്‍കിയപ്പോഴും ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് മുഖം നല്‍കിയിരുന്നില്ല. സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് വിഷയത്തില്‍ ഗവര്‍ണറുമായി ഇടഞ്ഞു നില്‍ക്കുന്ന സര്‍ക്കാരുമായി പോര് തുടരുമെന്നതിന്റെ സൂചനയാണ് ഗവര്‍ണര്‍ സഭയിലും നല്‍കിയത്. ഇന്നലെ പാലക്കാട് പരിപാടിയില്‍ പങ്കെടുത്തപ്പോഴും ഗവര്‍ണര്‍ക്ക് എതിരേ എസ്എഫ്ഐ കരിങ്കൊടി കാട്ടിയിരുന്നു. തന്റെ വാഹനത്തിന് അരികില്‍ എത്തിയാല്‍ വാഹനത്തില്‍ നിന്നും ഇറങ്ങുമെന്ന് നേരത്തേ ഗവര്‍ണറും നിലപാട് എടുത്തിരുന്നു. സര്‍ക്കാരും താനും തമ്മില്‍ അനുരഞ്ജനം ഇല്ലെന്ന സൂചന നല്‍കുന്ന രീതിയിലായിരുന്നു ഗവര്‍ണറുടെ ഇന്നത്തെ പ്രവര്‍ത്തി.
Post a Comment