Join News @ Iritty Whats App Group

ചെലവ് ഒമ്ബത് കോടി; തലശ്ശേരി -വളവുപാറ അന്തര്‍ സംസ്ഥാന പാതയില്‍ സോളാര്‍ ലൈറ്റുകള്‍ കണ്ണടഞ്ഞു



ഇരിട്ടി: തലശ്ശേരി-വളവുപാറ അന്തര്‍ സംസ്ഥാന പാതയില്‍ കെ.എസ്.ടി.പി നവീകരണ പദ്ധതിയിലുള്‍പ്പെടുത്തി സ്ഥാപിച്ച സോളാര്‍ വഴിവിളക്കുകള്‍ ഒന്നൊന്നായി നിലംപൊത്തുന്നു.

നിര്‍മാണത്തിലെ അപാകതയും ഗുണമേന്മ കുറഞ്ഞ സാധനങ്ങളും ഉപയോഗിച്ചാണ് ഇവയില്‍ ഭൂരിഭാഗവും സ്ഥാപിച്ചിരിക്കുന്നത്. രണ്ടു വര്‍ഷം പോലും തികയുന്നതിന് മുമ്ബാണ് ലൈറ്റുകളില്‍ ഭൂരിഭാഗവും മിഴിയടച്ചത്. ലൈറ്റ് സ്ഥാപിച്ചതില്‍ വൻ അഴിമതി ഉണ്ടായിട്ടും വകുപ്പുതല അന്വേഷണത്തിനു പോലും ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. തലശ്ശേരി മുതല്‍ വളവുപാറവരെയുള്ള 53 കിലോമീറ്ററില്‍ 947 സോളാര്‍ ലൈറ്റുകളാണ് സ്ഥാപിച്ചത്. ഇതിനായി ഒമ്ബത് കോടിയാണ് ചെലവഴിച്ചത്. ഒരു വഴിവിളക്കിന് 95000 രൂപ എന്ന നിലയിലായിരുന്നു എസ്റ്റിമേറ്റ് കണക്കാക്കിയത്.

ഇവ സ്ഥാപിച്ച ആദ്യ നാളുകളില്‍ നന്നായി പ്രകാശിച്ചിരുന്നു. ഇപ്പോള്‍ ഒന്നും കാത്താത്ത അവസ്ഥയാണ്. ഇങ്ങനെ തുലക്കാനുള്ളതാണോ ഖജനാവിലെ പൊതുപണം. 

പൊതുജനത്തിന് ഇങ്ങനെ ചോദിക്കുകയാല്ലാതെ മറ്റൊന്നും നിവൃത്തിയില്ല. നവീകരണം പൂര്‍ത്തിയാക്കിയ റോഡ് കെ.എസ്.ടി.പി പൊതുമരാമത്ത് വകുപ്പിന് കൈമാറി. സോളാര്‍ ലൈറ്റുകള്‍ പഞ്ചായത്തുകളുടെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

തൂങ്ങി നില്‍ക്കുന്ന ബാറ്ററികള്‍

സോളാര്‍ വഴിവിളക്കിന്റെ തൂണില്‍ സ്ഥാപിച്ച ബാറ്ററികള്‍ യാത്രക്കാരുടെ തലയില്‍ വീഴാറായി നില്‍ക്കുന്നത് അപകടഭീഷണിയും ഉണ്ടാക്കുന്നു. ബാറ്ററികള്‍ സ്ഥാപിച്ച സംവിധാനം തുരുമ്ബെടുത്ത നശിച്ച നിലയിലാണ്. ചിലയിടങ്ങളില്‍ ബാറ്ററികള്‍ താഴെ വീണു കഴിഞ്ഞു. ഇരുപതിനായിരത്തോളം രൂപ വില വരുന്ന ബാറ്ററികള്‍ പിന്നെ അപ്രത്യക്ഷമാവുകയാണ്. വഴിവിളക്കുകള്‍ തെളിഞ്ഞില്ലെങ്കിലും പ്രശ്‌നമില്ല ഇവയൊന്ന് റോഡില്‍ നിന്നും മാറ്റി തന്നാല്‍ മതി. തലയില്‍ വീണുള്ള അപകടമെങ്കിലും ഒഴിവാക്കാം എന്നാണ് ആളുകള്‍ പറയുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group