കുമളി: സ്വത്ത് കൈക്കലാക്കിയശേഷം മക്കൾ ഉപേക്ഷിച്ച അമ്മ മരിച്ച സംഭവത്തിൽ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായിരുന്ന മകളെ ജോലിയിൽനിന്നു പിരിച്ചു വിട്ടു.
കുമളി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയും അന്തരിച്ച കുമളി സ്വദേശി അന്നക്കുട്ടിയുടെ മകളുമായ സിജിയെ പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്ന് പിരിച്ചുവിട്ടതായി പ്രസിഡന്റ് രജനി ബിജു, വൈസ് പ്രസിഡന്റ് കെ.എം. സിദ്ദിഖ് എന്നിവർ അറിയിച്ചു.
കുമളി കേരള ബാങ്ക് ജീവനക്കാരനായ മകൻ സജിക്കെതിരേയും ബാങ്ക് നടപടി ഉണ്ടായേക്കും. പോലീസിൽനിന്ന് ബാങ്ക് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അട്ടപ്പള്ളം ലക്ഷം വീട് കോളനിയിൽ തനിച്ച് താമസിച്ചിരുന്ന അവശയായ അന്നക്കുട്ടിയെ പോലീസും നാട്ടുകാരും ചേർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ശനിയാഴ്ച രാവിലെ മരിച്ചു.
മക്കളുടെ നിസഹരണത്തെത്തുടർന്ന് സർക്കാരിന്റെ മേൽനോട്ടത്തിൽ കളക്ടറും സബ് കളക്ടറും നേരിട്ടെത്തി നാട്ടുകാരുടെയും പോലീസിന്റെയും സഹകരണത്തോടെ കുമളി സെന്റ് തോമസ് ഫെറോന പള്ളിയിൽ അന്നക്കുട്ടിയുടെ സംസ്കാരം നടത്തി.
Post a Comment