Join News @ Iritty Whats App Group

ഇരിട്ടി പട്ടണത്തിലെ നൂറ്റാണ്ടുകൾ പഴക്കം ചെന്ന നേരമ്പോക്ക് റോഡ് വീതി കൂട്ടി വികസിപ്പിക്കുന്നതിന് ഒറ്റകെട്ടായി രംഗത്തിറങ്ങ ണമെന്ന് സർവ്വകക്ഷി യോഗം




ഇരിട്ടി: ഇരിട്ടി പട്ടണത്തിലെ നൂറ്റാണ്ടുകൾ പഴക്കം ചെന്ന നേരമ്പോക്ക് റോഡ് വീതി കൂട്ടി വികസിപ്പിക്കുന്നതിന് ഒറ്റകെട്ടായി രംഗത്തിറങ്ങാൻ സർവ്വകക്ഷി യോഗം തീരുമാനിച്ചു. ഇരിട്ടിയെ പോലെതന്നെ നൂറ്റാണ്ടിന്റെ പഴക്കമുള്ളതാണ് നേരമ്പോക്ക് റോഡ്. ഒരു കാലത്തി ഇരിട്ടിയുടെ വ്യാപാര കേന്ദ്രമായിരുന്ന റോഡ് ഇന്ന് ട്രാഫിക് കുരുക്കിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു.

പേരുപോലെ തന്നെ ഈ റോഡിന്റെ ഇരിട്ടിയുമായി ബന്ധിക്കുന്ന 500 മീറ്റർ പിന്നിടാൻ ചിലപ്പോൾ മണിക്കൂറുകൾ ഗതാഗതക്കുരുക്കിൽ പെട്ട് നേരം പോകേണ്ടിവരുന്നു. റോഡ് വീതി കൂട്ടി നിർമ്മിക്കണം എന്ന ആവശ്യം അര നൂറ്റാണ്ടിൽ അധികമായി ഉയരുന്നുണ്ടെങ്കിലും പല കാരണങ്ങൾ കൊണ്ട് അവഗണിക്കപ്പെടുകയാണ് ഉണ്ടായത്.

റോഡിന്റെ തന്നെ പഴക്കമുള്ളതാണ് നേരംപോക്ക് റോഡിലെ വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും. കടകളുടെ വരാന്ത വരെ അഞ്ചര മീറ്റർ വീതിയിൽ ടാറിങ് നടത്തിയാണ് ഇപ്പോൾ ഗതാഗതം സാധ്യമാക്കുന്നത്. രണ്ട് വാഹനങ്ങൾ പരസ്പരം കടന്നു പോകാൻ കഴിയാത്ത വിധം ഇടുങ്ങിയതാണ് റോഡ്. മേഖലയിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പാർട്ടി ഓഫീസ്, സിവിൽ സപ്ലൈ ഓഫീസ്, ട്രഷറി, സ്വകാര്യ ആശുപത്രി, ലേബർ ഓഫീസ്, അഗ്നി രക്ഷാനിലയം, ആർടിഒ ഓഫീസ് എന്നിവയെല്ലാം ഈ റോഡിലാണ്. ജില്ലയിലെ പ്രധാന ടുറിസം കേന്ദ്രമായ പഴശ്ശിയിലേക്ക് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നതും ഇതുവഴിയാണ്. നിലവിൽഅഗ്നിരക്ഷാ നിലയിൽ നിന്നുള്ള വാഹനങ്ങൾക്ക് ഇതുവഴി കടന്നു പോകാൻ സാധിക്കാത്തതിനാൽ കീഴുർ വഴിയാണ് പോകുന്നത്.

നിലവിലെ അടിയന്തിര സാഹചര്യം

68 കോടി രൂപ ചിലവിൽ താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിൻ്റെ അനുമതി അന്തിമ ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ താലൂക്ക് ആശുപത്രിയിലേക്കുള്ള പ്രധാന റോഡുകളുടെ വികസനം വളരെ അനിവാര്യമാണ്. മാത്രമല്ല താലൂക്ക് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും എത്തുന്ന ആംബുലൻസുകൾ പലപ്പോഴും കുരുക്കിൽപെട്ട് രോഗി കൂടുതൽ അപകടത്തിൽ ആകുന്നതും ഇവിടെ സാധാരണ കാഴ്ചയാണ്.

ഈ സാഹചര്യത്തിലാണ് റോഡിന്റെ വീതി വർധിപ്പിക്കാൻ നഗരസഭ മുന്നോട്ടുവന്നിട്ടുള്ളത്. നേരത്തെ ഏഴര മീറ്റർ വീതിയുണ്ടായിരുന്ന റോഡിന് ഇപ്പോൾ അഞ്ചു മീറ്റർ വരെ വീതിയുള്ളു എന്നും യോഗത്തിൽ ചില പ്രതിനിധികൾ വിമർശനമായി ഉന്നയിച്ചു. 10 മീറ്റർ വീതിയിലേക്ക് റോഡ് സ്ഥലം ലഭ്യമാക്കാൻ ആണ് സർവ്വകക്ഷി യോഗത്തിൽ ധാരണ ആയിട്ടുള്ളത്.

അൻപത് വർഷത്തെ വികസനം മുന്നിൽ കണ്ട് റോഡ് പുനർ നിർമ്മിക്കണം

റോഡിന്റെ വികസനം അനിവാര്യമായ സാഹചര്യത്തിൽ അൻപതു വര്ഷം മുന്നിൽ കണ്ടുള്ള വികസനം നടപ്പിലാക്കണം എന്ന് നിർദേശം യോഗത്തിൽ ഉയർന്നു. ഇരിട്ടിയിലെ ട്രാഫിക് ബ്ലോക്കിൽ നിന്നും വാഹനങ്ങളെ തിരിച്ചുവിടാൻ ബൈപാസ് റോഡായി ഉപയോഗിക്കാൻ കഴിയുന്ന റോഡിന്റെ വികസനം അത്യാവശ്യം ആണെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

10 വര്ഷം മുൻപ് നടപ്പിലാക്കേണ്ട പദ്ധതിയാണ് എങ്കിലും വ്യാപാരികളെയും കച്ചവടക്കാരെയും ഒപ്പം നിർത്തി റോഡ് നിർമ്മാണം നടത്തണം എന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. സ്ഥലംഉടമകളുടെ താല്പര്യം കണക്കിലെടുത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തി അനുകൂലമായ തീരുമാനം എടുക്കണം എന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. ഇരിട്ടി മുതൽ പഴശി വരെയുള്ള റോഡ് നിർമ്മാണത്തിന് ആവശ്യമായ സ്ഥലം നഗരസഭ ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറണം.

പ്രശ്നം സ്ഥലം വിട്ടുകിട്ടേണ്ട ആദ്യ 500 മീറ്റർ

ഇരിട്ടിയിൽ നിന്നും ആരംഭിക്കുന്ന ആദ്യ 500 മീറ്റർ ഭാഗത്താണ് റോഡിൻ്റെ വികസനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിൽക്കുന്നത്. റോഡിന്റെ വീതി നിലവിൽ അഞ്ചര മീറ്റർ ആണെങ്കിലും ഏഴര മീറ്റർ വീതി ഉണ്ട് എന്ന മറ്റൊരു സ്ഥിരീകരിക്കാത്ത വാർത്തയും നിലവിലുണ്ട്. സെന്റിന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലം വിട്ടുകൊടുക്കാൻ ഉടമസ്ഥർ തയ്യാറാകേണ്ടതും വലിയ പ്രതിസന്ധിയാണ്.

രേഖകൾ പരിശോധിച്ച് റോഡിൻ്റെ വീതി അളന്ന് തിട്ടപ്പെടുത്താനുള്ള നടപടികൾ അടുത്ത യോഗത്തിന് മുൻപ് സ്വീകരിക്കും. അടുത്ത ഘട്ടത്തിൽ കെട്ടിട ഉടമകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും യോഗം വിളിച്ചു ചേർത്ത് വിഷയങ്ങൾ ചർച്ച ചെയ്യും. തുടർ പ്രവർത്തനങ്ങൾക്കായി സർവ്വകക്ഷി കർമ്മ സമിതി രൂപീകരിച്ചു. ഇരിട്ടി നഗരസഭ അധ്യക്ഷ കെ. ശ്രീലത ചെയർമാനായും, പി. പി. അശോകൻ കൺവീനറായും തിരഞ്ഞെടുത്തു.

സർവ്വകക്ഷി സർവ്വകക്ഷി കർമസമിതി രൂപീകരണ യോഗത്തിൽ കെ. ശ്രീലത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.പി. ഉസ്മ‌ാൻ, വിവിധ കക്ഷി നേതാക്കളായ കെ.വി. സക്കീർ ഹുസൈൻ, മുൻ ചെയർമാൻ പി.പി. അശോകൻ, പി.എ. നസീർ, അഡ്വ. മാത്യു കുന്നപ്പള്ളി, ഇബ്രാഹിം മുണ്ടേരി, അഷറഫ് ചായിലോട്, വി.എം. പ്രശോഭ്, ബാബുരാജ് പായം, അജയൻ പായം, ജയ്‌സൺ ജീരകശേരി, ബാബുരാജ് ഉളിക്കൽ, ആർ.കെ. മോഹൻദാസ്, കൗൺസിലർമാരായ വി.പി. റഷീദ്, കെ.എ. നന്ദനൻ, പി.പി. ജയലക്ഷ്‌മി, കെ. മുരളീധരൻ, എ.കെ. ഷൈജു എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group