ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ അച്ഛന് കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കേസിൽ വിചാരണക്കോടതി വെറുതെവിട്ട അർജുന്റെ ബന്ധുവായ പാൽരാജിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വണ്ടിപ്പെരിയാർ ടൗണിൽവെച്ചാണ് കുട്ടിയുടെ അച്ഛന് കുത്തേറ്റത്. കുട്ടിയുടെ മുത്തച്ഛനും സംഘർഷത്തിൽ നേരിയ പരിക്കുണ്ട്. ആക്രമണത്തിന് ശേഷം പാൽരാജ് ഓടിരക്ഷപ്പെടുകയും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
വണ്ടിപ്പെരിയാർ പട്ടണത്തിലെ പശുമലയിൽ രാവിലെയാണ് സംഭവം. കുട്ടിയുടെ അച്ഛനും മുത്തച്ഛനും ബൈക്കിൽ പോകുകയായിരുന്നു. ഈ സമയം അർജുൻ്റെ ബന്ധു പാൽരാജ് ഇവരെ അശ്ലീല ആംഗ്യം കാണിച്ചു. ഇരുവരും ഇത് ചോദ്യം ചെയ്തതോടെ വാക്കു തർക്കമായി. ഇത് കയ്യാങ്കളിയിലേക്ക് നീളുകയും പാൽരാജ് കുട്ടിയുടെ അച്ഛനെ കുത്തുകയുമായിരുന്നു.
ഇരുകാലുകളുടെയും തുടക്കാണ് കുത്തേറ്റത്. പരിക്കേറ്റത്. നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന കൊല്ലപ്പെട്ട കുട്ടിയുടെ മുത്തച്ഛനും പരിക്കേറ്റു. തുടർന്ന് കുട്ടിയുടെ അച്ഛനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാണിച്ച് പ്രതിയായിരുന്ന അർജുൻ്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ച് പൊലീസ് സംരക്ഷണം നേടിയിരുന്നു.
Post a Comment