കണ്ണൂർ: പഴശ്ശി പദ്ധതിയുടെ കനാലുകളില്‍ കൂടിയുള്ള ജലവിതരണം പുനഃസ്ഥാപിക്കുന്നതിന്റെ മുന്നോടിയായി 31ന് ടെസ്റ്റ് റണ്‍ നടത്തും.
മെയിൻ കനാല്‍ ചെയിനേജ് 42/000 കിലോമീറ്റർ പറശ്ശിനിക്കടവ് അക്വഡക്‌ട് വരെയും മാഹി ബ്രാഞ്ച് കനാല്‍ ചെയിനേജ് 16/000 കിലോമീറ്റർവരെയും വേങ്ങാട്, കുറുമ്ബുക്കല്‍, മാങ്ങാട്ടിടം, പാട്യം എന്നീ ഡിസ്ട്രിബ്യൂട്ടറി ഫീല്‍ഡ് ബോത്തികളില്‍ കൂടിയും ജലം ഒഴുക്കി ടെസ്റ്റ് റണ്‍ നടത്തുമെന്നാണ് പഴശ്ശി ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചത്. ഊർജ്ജപ്രതിസന്ധിയ്ക്ക് വലിയതോതില്‍ പരിഹാരമായേക്കാവുന്ന പഴശ്ശി സാഗർ ജലവൈദ്യുത പദ്ധതി ഏപ്രില്‍ മാസത്തിനകം പ്രവൃത്തി പൂർത്തിയാകുമെന്ന് കെ.എസ്.ഇ.ബി അധികൃതർ നേരത്തെ സൂചിപ്പിച്ചിരുന്നു.
മാഹി ബ്രാഞ്ച് കനാലില്‍ നിന്നും കീഴല്ലൂർ, വേങ്ങാട്, മാങ്ങാട്ടിടം, കോട്ടയം, പിണറായി, മൊകേരി, കതിരൂർ, എരഞ്ഞോളി, തൃപ്പങ്ങോട്ടൂർ, ചൊക്ലി, കുന്നോത്തുപറമ്ബ്, ന്യൂമാഹി പഞ്ചായത്തുകളിലും കൂത്തുപറമ്ബ്, പാനൂർ, തലശ്ശേരി നഗരസഭകളിലുമായി 2476 ഹെക്ടർ നിലവും മെയിൻ കനാലില്‍ നിന്നും ഇരിട്ടി, മട്ടന്നൂർ, ആന്തൂർ, നഗരസഭകളിലും കീഴല്ലൂർ, വേങ്ങാട്, അഞ്ചരക്കണ്ടി, മുണ്ടേരി, കൂടാളി, കുറ്റ്യാട്ടൂർ, മയ്യില്‍, കൊളച്ചേരി എന്നീ പഞ്ചായത്തുകളിലുമായി 569 ഹെക്ടർ നിലവും ജലസേചന യോഗ്യമാക്കുമെന്നും അധികൃതർ പറഞ്ഞു.
2017ല്‍ ആയിരുന്നു പ്രവൃത്തി ആരംഭിച്ചത്. 2022 ഓടെ കമ്മിഷൻ ചെയ്യേണ്ട പ്രവൃത്തിയാണ് ഇത്രയും കാലതാമസം എടുത്തത്. കാലവർഷക്കെടുതി മൂലമുള്ള പ്രതിസന്ധിയില്‍ നിർമ്മാണം നീണ്ടു പോവുകയായിരുന്നു.
ജലസേചനം 11525 ഹെക്ടറില്‍
ജില്ലയിലെ 11525 ഹെക്ടർ സ്ഥലത്തു രണ്ടും മൂന്നും വിളകള്‍ക്ക് ജലസേചനം നല്‍കുന്നതിനാണ് പദ്ധതി കൊണ്ട് ലക്ഷ്യമിട്ടിട്ടുള്ളത്. കേരള വാട്ടർ അതോറിറ്റി കണ്ണൂർ ജില്ലയുടെ കുടിവെള്ള സ്രോതസ്സിനായി തുരങ്കത്തിനുള്ളിലൂടെ വെള്ളം പമ്ബ് ചെയ്യിച്ച് ജനറേറ്റർ പ്രവർത്തിപ്പിച്ച് കൊണ്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ആദ്യത്തെ പദ്ധതി ആണ് പഴശ്ശി സാഗർ ജലവൈദ്യുത പദ്ധതി.ജലസംഭരണിയില്‍ നിന്നും പവർ ഹൗസിലേക്ക് വെള്ളം എത്തിക്കുന്ന തുരങ്കം പൂർത്തിയായിട്ടുണ്ട്. ഇതില്‍ സ്റ്റീല്‍ ലൈനിംഗ് സ്ഥാപിക്കുന്ന പ്രവൃത്തി അതിവേഗത്തിലാണ്.
25.16 മില്യണ്‍ യൂണിറ്റ്
കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് നേരിട്ട് നടത്തുന്ന ജലവൈദ്യുത പദ്ധതിയാണ് പഴശ്ശി സാഗർ. പദ്ധതി വഴി പ്രതിവർഷം 25.16 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 7.5 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതിയാണ് ഇത്. 79.85 കോടി രൂപയാണ് നിർമ്മാണത്തിന് ചെലവായത്.
Post a Comment