Join News @ Iritty Whats App Group

പട്ടാപ്പകല്‍ നാട്ടിലിറങ്ങിയ കാട്ടുപോത്ത് ജനങ്ങളെ വട്ടംകറക്കി



കേളകം: കേളകം മഞ്ഞളാംപുറത്ത് പട്ടാപ്പകല്‍ കാട്ടുപോത്തിറങ്ങി ജനങ്ങളെ വട്ടം കറക്കി. മഞ്ഞളാംപുറം ടൗണിന് അടുത്ത് സെന്റ് ആന്റണീസ് പളളിക്ക് സമീപമാണ് നാട്ടുകാർ കാട്ടുപോത്തിനെ കണ്ടത്.
ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ഓട്ടോ തൊഴിലാളിയായ മഞ്ഞളാംപുറം സ്വദേശി വേണാളക്കുടി ഹരി തന്റെ ഓട്ടോറിക്ഷയില്‍ കുട്ടികളെ കയറ്റി മഞ്ഞളാംപുറം യു.പി. സ്കൂളില്‍ എത്തിച്ചതിന് ശേഷം തിരിച്ച്‌ കേളകം ഭാഗത്തു നിന്നും കണിച്ചാർ ഭാഗത്തേക്ക് പോകുമ്ബോഴായിരുന്നു പെട്ടെന്ന് കാട്ടുപോത്തിനെ കണ്‍മുന്നില്‍ കണ്ടത്.

മഞ്ഞളാംപുറം ടൗണ്‍ പരിസരത്ത് നിന്നും താഴെ തോടിന്റെ ഭാഗത്തേക്ക് കാട്ടുപോത്ത് പ്രവേശിച്ച വിവരം ഓട്ടോറിക്ഷ തൊഴിലാഴികളാണ് അവിടെയുള്ള ജനങ്ങളെ അറിയിച്ചത്. മീമനാമറ്റത്തില്‍ ജിന്റോ ഓടി രക്ഷപെടുകയായിരുന്നു. കണിച്ചാർ പള്ളിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിന് സമീപം പാമ്ബാടി മനോജിന്റെ വീടിന് മുൻവശത്തുള്ള കശുമാവിൻ തോട്ടത്തിനുള്ളില്‍ കുറേ നേരം തമ്ബടിച്ചു. വിവരം അറിഞ്ഞ് പൊലീസും വനപാലകരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു കൊട്ടിയൂർ വെസ്റ്റ് ഫോറസ്റ്റ് സെക്ഷൻ ഓഫീസർ സജീവ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഷിജിൻ, ഷൈജു എന്നിവരുടെയും ഫോറസ്റ്റ് വാച്ചർമാരുടെയും നേതൃത്വത്തില്‍ സന്ധ്യവരെ തിരച്ചിലും നിരീക്ഷണവും തുടർന്നു. അപകടങ്ങളോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. കാട്ടുപോത്ത് രാത്രിയോടെ കാട്ടിലേക്കു മടങ്ങുമെന്നാണ് വനപാലകരുടെ നിഗമനം.

Post a Comment

Previous Post Next Post
Join Our Whats App Group