കൊച്ചി : കൊച്ചിയിൽ ലോഡ്ജിൽ യുവതിക്ക് നേരെ ഉടമയുടെ ആക്രമണം. എറണാകുളം നോർത്തിലുള്ള ബെൻ ടൂറിസ്റ്റ് ഹോം ഉടമയായ ബെൻജോയ്, സുഹൃത്ത് ഷൈജു എന്നിവർ ചേർന്നാണ് ഇന്നലെ രാത്രി യുവതിയെ മർദ്ദിച്ചത്. ലോഡ്ജിൽ താമസിക്കാൻ എത്തിയ യുവതിക്ക് നേരെയാണ് മർദ്ദനമുണ്ടായത്. വാഗ്വാദം, മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. ഹോട്ടലിൽ നടന്ന വാക്ക് തർക്കത്തിനിടെ ഉടമ മർദ്ദിച്ചെന്ന യുവതിയുടെ പരാതിയിൽ പ്രതികളെ നോർത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തു. മർദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.
യുവതിയും സുഹൃത്തുക്കളുമടങ്ങുന്ന എട്ടംഗ സംഘമാണ് ഹോട്ടലിൽ താമസിക്കാനെത്തിയത്. രണ്ട് മുറികളെടുത്തായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി പുറത്ത് പോയി തിരിച്ച് വന്ന സമയത്താണ് ഹോട്ടലിന് ലോബിയിൽ വെച്ച് വാക്കുതർക്കമുണ്ടായത്. ഉടമയുടെ ബന്ധുവായ ഷൈജുവുമായാണ് ആദ്യം തർക്കമുണ്ടായത്. പിന്നീട് ഹോട്ടലുടമ ബെൻജോയ് കൂടി ഇടപെടുകയും യുവതിയുടെ മുഖത്ത് രണ്ട് തവണ അടിക്കുകയുമായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്. തുടർന്ന് ഹോട്ടലുടമ മുറിയൊഴിയാൻ യുവതിയോടും സംഘത്തോടും ആവശ്യപ്പെട്ടു. എന്നാൽ പണം തിരികെ നൽകാതെ റൂമൊഴിയില്ലെന്ന് സംഘം അറിയിച്ചു. ഇതോടെ പൊലീസിടപെടുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്തിട്ടുണ്ട്.
Post a Comment