പാലക്കാട്:പൊലീസ് സ്റ്റേഷനിലെ വാക്കുതർക്കവുമായി ബന്ധപ്പെട്ട് അഭിഭാഷകനെതിരെ കേസെടുത്ത് പൊലീസ്. അഭിഭാഷകൻ അക്വിബ് സുഹൈലിനെതിരെയാണ് ആലത്തൂർ പൊലീസ്കേ സെടുത്തത്. കൃത്യനിർവഹണം തടസപ്പെടുത്തി, അസഭ്യം പറഞ്ഞു എന്ന പേരില്‍ രണ്ടു കേസുകളാണ് എടുത്തത്. വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ വാഹനം വിട്ടു കൊടുക്കാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകൻ അക്വിബ് സുഹൈലും ആലത്തൂർ എസ് ഐ വിആർ റിനീഷും തമ്മിലാണ് സ്റ്റേഷനില്‍ വച്ച് വാക്കുതര്‍ക്കമുണ്ടായത്. ഇരുവരും പരസ്പരം വാക്കേറ്റത്തിലേര്‍പ്പെടുന്നതിന്‍റെ വീഡിയോയും പുറത്തുവന്നു. ഇരുവരും പരസ്പരം രൂക്ഷമായ വാഗ്വാദത്തിലേര്‍പ്പെടുന്നതും കൈചൂണ്ടി സംസാരിക്കുന്നതും വീഡിയോയിലുണ്ട്. കൈയ്യാങ്കളിയിലേക്ക് നീങ്ങുന്ന തരത്തില്‍ പരസ്പരം വെല്ലുവിളിച്ചുകൊണ്ടുള്ള 'സിനിമ സ്റ്റൈലിലുള്ള' രൂക്ഷമായ വാക്കേറ്റമാണ് ഇരുവരും തമ്മില്‍ നടന്നത്. വണ്ടി വിട്ടുകൊടുക്കാനുള്ള കോടതി ഉത്തരവ് പരിശോധിക്കണമെന്ന് പറഞ്ഞപ്പോൾ അഭിഭാഷകന്‍ കയർക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, വണ്ടി വിട്ടു തരാതിരിക്കാനായി പൊലീസ് ശ്രമിച്ചപ്പോൾ അത് പറ്റില്ലെന്ന് പറയുകയായിരുന്നുവെന്നാണ് അഭിഭാഷകന്‍ വിശദീകരിക്കുന്നത്.
ഇക്കഴിഞ്ഞ നാലാം തീയതിയാണ് വാഹനാപകടവുമായി ബന്ധപ്പെട്ട് വാഹനമിറക്കാനെത്തിയ അഭിഭാഷകനായ അക്വിബ് സുഹൈലും ആലത്തൂർ എസ്ഐ വിആർ റിനീഷും തമ്മിലായിരുന്നു തർക്കമുണ്ടായത്. നീ ആരാടായെന്നും ഷോ കാണിക്കേണ്ടെന്നുമൊക്കെ പറഞ്ഞുകൊണ്ടാണ് എസ്ഐ അഭിഭാഷകനോട് തര്‍ക്കിക്കുന്നത്. നീ പോടായെന്നും പലതവണ എസ് ഐ വിളിക്കുന്നുണ്ട്. മര്യാദയ്ക്ക് സംസാരിക്കണമെന്ന് പറഞ്ഞ് അഭിഭാഷകനും എസ്ഐയോട് തിരിച്ച് കയര്‍ക്കുന്നുണ്ട്. രണ്ടുപേരും തമ്മിലുള്ള രൂക്ഷമായ വാക്കേറ്റത്തിന്‍റെ വീഡിയോ ആണ് പുറത്തുവന്നത്. എടോ പോടോയെന്ന് വിളിക്കണ്ടെന്നും മര്യാദയ്ക്ക് സംസാരിക്കണമെന്നും അഭിഭാഷകന്‍ പറയുന്നതിനിടെയും ഇത് പൊലീസ് സ്റ്റേഷനാണെന്നും ഷോ കാണിക്കേണ്ടെന്നുമൊക്കെയാണ് പൊലീസ് തിരിച്ചുപറയുന്നത്.
തർക്കങ്ങൾക്കൊടുവിൽ വാഹനം വിട്ടു തരാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവറെ ഹാജരാക്കാതെ വാഹനം വിട്ടുനിൽക്കാൻ കഴിയില്ലെന്നായിരുന്നു പൊലീസിന്‍റെ നിലപാട്. ഇതോടെ ചിറ്റൂർ കോടതിയിൽ അഭിഭാഷകൻ പുനപരിശോധന ഹർജി നൽകി.ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ചിറ്റൂർ കോടതിയിലും തർക്കമുണ്ടായിരുന്നു. കോടതി ഉത്തരവ് പാലിക്കാൻ എസ്.ഐ തയ്യാറായില്ലെന്നും നിയമപരമായി നീങ്ങുമെന്നും അഭിഭാഷകൻ പറഞ്ഞു.
Post a Comment