Join News @ Iritty Whats App Group

ശാപമോക്ഷം കാത്ത് ഇരിട്ടി താലൂക്കാശുപത്രിയിലെ പ്രസവവാര്‍ഡ്


രിട്ടി: ഏറെക്കാകാലത്തെ മുറവിളിക്കുശേഷം ഇരിട്ടി താലൂക്കാശുപത്രിയില്‍ അനുവദിച്ച പ്രസവവാര്‍ഡ് ശാപമോക്ഷം കാത്ത് കഴിയുന്നു.
എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ ബ്ലോക്ക് ഇതിനായി നിര്‍മിച്ചെങ്കിലും ഇതുവരെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഇതിനിടയില്‍ രണ്ടരമാസം മുമ്ബ് ആര്‍ദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി താലൂക്കാശുപത്രിയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് സന്ദര്‍ശനം നടത്തിയിരുന്നു. സൗകര്യങ്ങളെല്ലാം നോക്കിക്കണ്ട മന്ത്രി മാതൃ- ശിശു വാര്‍ഡ് ഉടൻ പ്രവര്‍ത്തന സജ്ജമാക്കുമെന്ന് ഉറപ്പും നല്‍കി. എന്നാല്‍, ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. 

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.19 കോടി രൂപ ചെലവില്‍ ആറുവര്‍ഷം മുമ്ബ് ഉദ്ഘാടനം നടത്തിയ കെട്ടിടം ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതീക്ഷവെച്ച്‌ ആശുപത്രി അധികൃതര്‍ നല്‍കിയ വലിയ അപേക്ഷയും ഡി.എം.ഒ ഓഫിസില്‍ പൊടിപിടിച്ച്‌ കിടക്കുന്നുണ്ട്. അനസ്‌തെറ്റിസ്റ്റ് തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാലാണ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ വിഭാഗം പ്രവര്‍ത്തിപ്പിക്കാൻ കഴിയാതിരിക്കുന്നത്.

നിലവില്‍ താല്‍ക്കാലിക നിയമനം നടത്താൻ ജില്ലതലത്തില്‍ ക്രമീകരണം ഉണ്ടാക്കാൻ പറ്റുമോയെന്ന് പരിശോധിക്കാൻ മന്ത്രി കൂടെയുണ്ടായിരുന്ന ഹെല്‍ത്ത് ഡയറക്ടര്‍ക്കും ജില്ല മെഡിക്കല്‍ ഓഫിസര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ താലൂക്കാശുപത്രി നല്‍കിയ അപേക്ഷയില്‍ രണ്ട് മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.

2017 ആഗസ്റ്റ് 28ന് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് മാതൃ ശിശുവാര്‍ഡ് ഉദ്ഘാടനം ചെയ്തത്. ആറുമാസത്തിനുള്ളില്‍ പ്രസവ ചികിത്സ ആശുപത്രിയില്‍ യാഥാര്‍ഥ്യമാവുമെന്നായിരുന്നു മന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. പ്രസവ ശസ്ത്രക്രിയ വിഭാഗത്തിനായി വാങ്ങിയ ലക്ഷങ്ങളുടെ ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളും ഉപയോഗിക്കാത്തതിനാല്‍ തുരുമ്ബെടുത്തും പൊടിയും മാറാലയും പിടിച്ച്‌ നശിക്കുകയാണ്. ഗൈനക്കോളജി വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയില്‍ ലഭ്യമാകുന്നുണ്ട്. പ്രസവ ചികിത്സ വിഭാഗം ആരംഭിക്കുമ്ബോള്‍ രണ്ട് ഡോക്ടറുടെ സേവനം കൂടി ഉറപ്പു വരുത്തണം.

കൂടാതെ കുട്ടികളുടെ വിഭാഗവും ആരംഭിക്കണം. ഇതിനുള്ള ശ്രമങ്ങളും ഫലം കാണുന്നില്ല. ആശുപത്രിയുടെ ഒ.പി വാര്‍ഡിന്റെ ഒന്നാം നിലയിലാണ് മാതൃശിശു വാര്‍ഡിനായുള്ള സൗകര്യം ഒരുക്കിയത്. ഇവിടേക്കുള്ള ഗേറ്റ് പൂട്ടിയിട്ടിരിക്കുകയാണ്. ദിനംപ്രതി 300നും 500നും ഇടയില്‍ രോഗികള്‍ എത്തുന്ന ആശുപത്രിയുടെ അവസ്ഥ ദയനീയമാണ്.

Post a Comment

Previous Post Next Post
Join Our Whats App Group