കൊച്ചി: കൊലപാതക കേസിലും പൊലീസിനെ ആക്രമിച്ച കേസിലും ഉൾപ്പെട്ട പിടികിട്ടാപ്പുള്ളികൾ ബെംഗളൂരുവിൽ പിടിയിൽ. നെട്ടൂർ സ്വദേശി ജോൺസണും കൊല്ലം സ്വദേശി ഇജാസുമാണ് മരട് പൊലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെത്തുടർന്ന് ബെംഗളൂരുവിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരേയും പിടികൂടിയത്. 2019 ൽ സുഹൃത്തിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോൺസൺ. ജാമ്യത്തിലിറങ്ങിയ ജോൺസൺ പിന്നീട് നാടുവിടുകയായിരുന്നു. കേസിന്റെ വിചാരണ തടസ്സപ്പെട്ടിരിക്കുന്നതിനിടെയാണ് ബെംഗളൂരു കെ. ആർ പുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇയാൾ പിടിയിലായത്.
അന്തർസംസ്ഥാന ലഹരിമരുന്ന് കടത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ഇജാസ്. ഇയാൾക്കെതിരെ കേരളത്തിനകത്തും പുറത്തുമായി നിരവധി മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ വർഷം പൊലീസുകാരെ ആക്രമിച്ച ഇജാസ് കടന്നുകളയുകയായിരുന്നു. ഇജാസിന്റെ ലഹരിമരുന്ന് ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു.
Post a Comment