റിയാദ്: രണ്ടാമതും ടൂറിസ്റ്റ് വിസയിൽ സൗദിയിലെത്തിയ മലയാളി മടങ്ങിയത് 9300 റിയാൽ (രണ്ട് ലക്ഷം ഇന്ത്യന്‍ രൂപ) പിഴയൊടുക്കി. നിയമത്തെ കുറിച്ചുള്ള അജ്ഞതയാണ് എറണാകുളം സ്വദേശി ഹമീദ് ഉമറിനെ കുടുക്കിയത്. ഒരു വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയിലാണ് ഇദ്ദേഹം റിയാദിലെത്തിയത്. ഒരു വർഷത്തിനുള്ളില്‍ പരമാവധി 90 ദിവസം സൗദിയില്‍ താമസിക്കാവുന്ന വിസയാണിത്. ഇതിനിടെ എത്ര തവണ വേണമെങ്കിലും സൗദിക്ക് പുറത്തുപോയി വരാം. ഒരു ദിവസം മാത്രം ബാക്കിയുണ്ടെങ്കിലും സൗദിയിലേക്ക് വരുന്നതിന് തടസ്സമുണ്ടാകില്ല.
കഴിഞ്ഞ ജൂലൈ മൂന്നിനാണ് ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയില്‍ ആദ്യം ഇദ്ദേഹം റിയാദിലെത്തിയത്. 89ാമത്തെ ദിവസം നാട്ടിലേക്ക് തിരിച്ചുപോയി. ശേഷം മറ്റൊരു ടൂറിസ്റ്റ് വിസക്ക് അപേക്ഷിച്ചു. വിസ ലഭിക്കുകയും ചെയ്തു. ഒക്ടോബര്‍ 29ന് റിയാദ് വിമാനത്താവളത്തിലെത്തി നടപടികള്‍ പൂർത്തിയാക്കി പുറത്തിറങ്ങി. എന്നാല്‍ പുതിയ വിസ കാണിച്ചുകൊടുത്തെങ്കിലും പഴയ വിസയില്‍ തന്നെയാണ് ഇദ്ദേഹത്തിന് പ്രവേശനം ലഭിച്ചിരുന്നത്. കാരണം ആ വിസക്ക് അപ്പോഴും കാലാവധിയുണ്ടായിരുന്നു. 90 ദിവസം പൂർത്തിയാകാന്‍ രണ്ട് ദിവസം കൂടി ബാക്കിയുണ്ടായിരുന്നു. ഇക്കാര്യം ഇദ്ദേഹം അറിഞ്ഞിരുന്നില്ല. പുതിയ വിസയിലാണ് ഇറങ്ങിയതെന്നായിരുന്നു വിചാരിച്ചിരുന്നത്. ശേഷം 89 ദിവസം കഴിഞ്ഞ് തിരിച്ച് വിമാനത്താവളത്തിലെത്തിയപ്പോഴാണ് അസ്വഭാവികത മനസ്സിലായത്. 87 ദിവസം അധികമായി തങ്ങിയെന്നും ആ ദിവസങ്ങൾക്ക് ദിവസം 100 റിയാൽ വെച്ച് ആകെ 8700 റിയാല്‍ പിഴയടക്കണമെന്നും എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അത്രയും പണം കൈയ്യില്‍ കരുതാത്തതിനാല്‍ നാട്ടിലേക്ക് പോകാന്‍ സാധിച്ചില്ല. ടിക്കറ്റ് റദ്ദാവുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷം ഇന്നലെ രാത്രി 9300 റിയാല്‍ അടച്ച് നാട്ടിലേക്ക് മടങ്ങി.
Read Also - സ്വപ്നം കണ്ട ജോലിക്കായി വിമാനം കയറി; എന്നാൽ കാത്തിരുന്നത് ദുരിതത്തിൻറെ നാളുകൾ, തുണയായി കേളി കുടുംബവേദി
ഒക്ടോബറില്‍ ഇറങ്ങിയപ്പോള്‍ പുതിയ വിസ എമിഗ്രേഷന്‍ കൗണ്ടറില്‍ നൽകിയിരുന്നുവെങ്കിലും ഉദ്യോഗസ്ഥ അപ്പോള്‍ തന്നെ തിരിച്ചുതന്നുവെന്നും യാതൊരു നടപടികളുമില്ലാതെ പുറത്തിറങ്ങിയെന്നും ഇദ്ദേഹം പറഞ്ഞു. അതായത് പഴയ വിസയില്‍ തന്നെയാണ് ഇദ്ദേഹം പുറത്തിറങ്ങിയത്. അതില്‍ ഒരുദിവസം ബാക്കിയുണ്ടായിരുന്നു. പിന്നീട് 89 ദിവസം സൗദിയില്‍ അധികം താമസിച്ചു. ഇതാണ് പിഴയായി രൂപപ്പെട്ടത്. പുതിയ വിസയിലാണ് താന്‍ സൗദിയില്‍ തുടരുന്നതെന്ന് ധരിച്ചാണ് അദ്ദേഹം അത്രയും ദിവസം താമസിച്ചത്. ഒടുവില്‍ അധികതാമസത്തിനുള്ള മുഴുവന്‍ പിഴയും അടച്ചശേഷമാണ് അദ്ദേഹത്തിന് പോകാനായത്.
ആയതിനാൽ സൗദിയിലേക്ക് ഏത് വിസ കിട്ടി പുറപ്പെടാനൊരുങ്ങുേമ്പാഴും അതിന് മുമ്പ് ആ വിസയെ കുറിച്ചുള്ള നിയമങ്ങൾ കൃത്യമായി മനസിലാക്കാൻ എല്ലാവരും ശ്രമിക്കണം. അല്ലെങ്കിൽ നിയമകുരുക്കിലും മാനസിക വ്യഥയിലും ചെന്നുപെടും. വിസ നിയമത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ബന്ധപ്പെട്ട വെബ്‌സൈറ്റിൽ ലഭ്യമാണ്.
Post a Comment