കണ്ണൂർ : വർഷങ്ങൾക്ക് മുമ്പ് സർക്കാർ ലേലം ചെയ്ത് വിറ്റ ലോറിക്ക് 83,000 രൂപ നികുതി അടയ്ക്കാൻ നോട്ടീസ് നൽകിയതിൽ ക്ഷമ ചോദിച്ച് മോട്ടോർ വാഹന വകുപ്പ്. കണ്ണൂർ കുറുമാത്തൂർ സ്വദേശി രാജേഷിനാണ് റവന്യൂ റിക്കവറി നോട്ടീസ് നൽകിയിരുന്നത്. ഇല്ലാത്ത ലോറിക്കാണ് നികുതി അടയ്ക്കാൻ ആവശ്യപ്പെട്ടതെന്ന് തെളിയിക്കാൻ രാജേഷിന് ഏറെ പണിപ്പെടേണ്ടി വന്നു.
സ്വന്തം പേരിലുളള മിനിലോറിയ്ക്ക് 83,100 രൂപ നികുതിയടക്കണം.ഇല്ലെങ്കിൽ ജപ്തി നടപടി സ്വീകരിക്കും. മോട്ടോർ വാഹന വകുപ്പിന്‍റെ നോട്ടീസ് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് രാജേഷിന് കിട്ടുന്നത്.രാജേഷിന് ലോറിയുണ്ടായിരുന്നു. 2014ൽ മണൽക്കടത്തിന് തളിപ്പറമ്പ് പൊലീസ് പിടിച്ചെടുത്തു. കേസിൽ രാജേഷ് പിഴയടച്ചു. ലോറിക്ക് പിന്നീട് എന്ത് സംഭവിച്ചെന്ന് രാജേഷ് അറിഞ്ഞിട്ടില്ല. അപ്പോഴാണ് നികുതി അടയ്ക്കാത്തതിന് നോട്ടീസ്.ജപ്തി ഭീഷണിയുമായി ഉദ്യോഗസ്ഥർ വീട്ടിലെത്തി. തളിപ്പറമ്പ് പൊലീസിൽ ആദ്യം അന്വേഷിച്ചു. പിന്നീട് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചു.അപ്പോഴാണ് 2020ൽ ലോറി സർക്കാർ ലേലം ചെയ്ത് പൊളിച്ചുവിറ്റെന്ന് അറിയുന്നത്. രാജേഷ് പരാതിപ്പെട്ടതോടെ മോട്ടോർ വാഹന വകുപ്പ് നോട്ടീസ് പിൻവലിച്ചു. ക്ഷമ ചോദിച്ചു.
Post a Comment