Join News @ Iritty Whats App Group

ആറളം ഫാമിൽ കാട്ടാനക്കൂട്ടം തെങ്ങുകൾ കുത്തി വീഴ്ത്തുന്നത് തുടരുന്നു മൂന്ന് ദിവസത്തിനിടയിൽ നശിപ്പിച്ചത് 60 തോളം തെങ്ങുകൾ






ഇരിട്ടി:  ആറളം ഫാമിൽ പുതിയ അഡ്മിനിസ്ട്രേറ്റർ ചാർജ്ജെടുത്തത് മുതൽ തണ്ണിമത്തൻ കൃഷി ഉൾപ്പെടെ  വൈവിധ്യ വൽക്കരണത്തിലൂടെ ഫാമിനെ ഏതു വിധേനയും രക്ഷിച്ചെടുക്കാനുള്ള മാർഗ്ഗങ്ങൾ തുടരുമ്പോൾ മറുവശത്ത് കാട്ടാനക്കൂട്ടങ്ങൾ ഫാമിന്റെ പ്രധാന വരുമാന സ്ത്രോതസ്സായ തെങ്ങുകൾ കുത്തിവീഴ്ത്തി നശിപ്പിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ  ആറളം ഫാമിലെ അഞ്ചാം ബ്ലോക്കിൽ  കാട്ടനക്കൂട്ടം കുത്തി വീഴ്ത്തിയത്  60തോളം തെങ്ങുകൾ. 
  ഫാമിൽ ആനകൾ സ്ഥിരമായി തമ്പടിച്ചിരുന്ന ഒന്ന്, രണ്ട് ബ്ലോക്കുകളിലെ തെങ്ങുകൾ സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നല്കിയിരിക്കുകയാണ്. പാട്ടത്തിനെടുത്തവർ  കാട്ടാനയേയും കുരങ്ങിനേയും തുരത്താൻ തൊഴിലാളികളെ ഏർപ്പെടുത്തുകയും  ഇവർ ആനകളെ ഈ ബ്ലോക്കുകളിൽ നിന്നും  തുരത്താൻ ശ്രമം തുടരുകയും ചെയ്തതോടെ  അവ അഞ്ചാം ബ്ലോക്കിലേക്ക് നീങ്ങുകയും  അവിടെ  കേന്ദ്രീകരിക്കുകയും ചെയ്തു . ഈ കൂട്ടത്തിലുള്ള  പത്തിലധികം ആനകളാണ് ഇവിടെ  കൂട്ടാമായി  എത്തി തെങ്ങുകൾ കുത്തി വീഴ്ത്തുന്നത്. ഒരേ സമയം ഇരുപതിലേറെ തെങ്ങുകൾ കുത്തി വീഴ്ത്തുകയും ഇവയുടെ തളിർ ഓലകളും മധുരമുള്ള കാണ്ഡവും  മറ്റും ഭക്ഷണമാക്കുകയാണ്. കഴിഞ്ഞ  അഞ്ചു വർഷത്തിനിടയിൽ ആയിരക്കണക്കിന് തെങ്ങുകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. 
തെങ്ങുകൾ നിറഞ്ഞു നിന്ന ഇത്തരം ബ്ലോക്കുകളെല്ലാം ഇപ്പോൾ തരിശു നിലങ്ങളായിമാറുകയും  കാടുകയറിക്കിടക്കുകയുമാണ്. ഫാമിന്റെ വരുമാന സ്ത്രോതസ്സിൽ ചോർച്ചയുണ്ടാകാൻ പ്രധാന കാരണം തെങ്ങുകളുടെ നാശമാണ്.  ഇതോടൊപ്പം ഏറെ  വരുമാനം ലഭിച്ചിരുന്ന തെങ്‌  ചെത്തും  പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ആയിരത്തോളം തെങ്ങുകൾ കള്ള്  ചെത്തിനായി നൽകുകയും എൺപതോളം പേർ ചെത്ത് തൊഴിലിൽ ഏർപ്പെടുകയും ചെയ്തിരുന്ന സ്ഥാനത്ത് ആനപ്പേടിമൂലം പല തൊഴിലാളികളും എത്താതായതോടെ ഇതും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഒരു തൊഴിലാളി ആനചവിട്ടി മരിക്കുകയും പലരും ആനയുടെ മുൻപിൽ പെടുകയും വീണ്  പരിക്കേൽക്കുകയും മറ്റും ചെയ്തതോടെ കുടുംബങ്ങളുടെ വിലക്കിൽ ഇവർ ജോലിക്കെത്താതാവുകയാണ്. 
കേരളത്തിൽ ഏറ്റവും ഗുണമേന്മയുള്ള  കശുവണ്ടി വിളയുന്ന പ്രദേശമാണ് ആറളം ഫാം. കശുവണ്ടി സീസൺ ആരംഭിച്ചെങ്കിലും കാട് വെട്ട് വളരെ മന്ദഗതിയിലാണ് നടക്കുന്നത്. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി നേരിട്ട് കശുവണ്ടി ശേഖരിച്ച് സർക്കാർ ഏജൻസികളായ കശുവണ്ടി വികസന കോർപ്പറേഷനും കാപ്പക്സിനുമായിരുന്നു ഇവ നൽകിയിരുന്നത്. ആനശല്യം മൂലം കാടു വെട്ടാനും കശുവണ്ടി ശേഖരിക്കാനും തൊഴിലാളികൾ തെയ്യാറാവാത്തതു മൂലം ഏറെ നഷ്ടമാണ് സംഭവിച്ചത്. എന്നാൽ ഇത്തവണ സ്വകാര്യ വ്യക്തിക്കാണ് കശുവണ്ടി ശേഖരണം പാട്ടത്തിന് നൽകിയിരിക്കുന്നത്. അതേസമയം കശുമാവുകളും ആനക്കൂട്ടം വ്യാപകമായി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.  
ഇതിനിടയിൽ കുരങ്ങുകളുടെയും, കാട്ടു പന്നികളുടെയും ശല്യവും ഇവിടെ രൂക്ഷമായി തുടരുകയാണ്.  ഫാമിന്റെ പതിമൂന്നാം ബ്ലോക്കിൽ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ 3000ത്തോളം മരച്ചീനി കൃഷി  പന്നിക്കൂട്ടമിറങ്ങി നശിപ്പിച്ചതും വേതനയുണ്ടാക്കുന്ന കാഴ്ചയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group