കാസർകോട്: എസ്ബിഐ യോനോ ആപ്ലിക്കേഷന്റെ പേരിൽ വീണ്ടും തട്ടിപ്പ്. ആപ്ലിക്കേഷൻ ബ്ലോക്കായെന്ന് വ്യാജ സന്ദേശം എത്തിയതിന് പിന്നാലെ കാഞ്ഞങ്ങാട് സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് നഷ്‌ടമായത് 5.5 ലക്ഷം രൂപ. കാഞ്ഞങ്ങാട് സ്വദേശി കെ മനോഹരയ്ക്കാണ് പണം നഷ്ടമായത്.
ജനുവരി 10-ന് രാവിലെ 11 മണിയോടെ ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണിൽ യോനോ ആപ്ലിക്കേഷൻ ബ്ലോക്കായെന്ന് പറഞ്ഞ് സന്ദേശമെത്തി. തൊട്ടു പിന്നാലെ ഇതേ നമ്പറിൽ ബാങ്കിന്റെ ഹെഡ് ഓഫീസിൽ നിന്നാണെന്ന് പറഞ്ഞു വിളിയെത്തി. ആപ്പിന്റെ ബ്ലോക്ക് മാറ്റാമെന്ന് അറിയിച്ചു.
തുടരെ മൂന്ന് ഒടിപി നമ്പർ മനോഹരയുടെ ഫോണിലേക്ക് വന്നു. വിളിച്ചയാൾക്ക് ഒടിപി പറഞ്ഞു കൊടുക്കുകയും ചെയ്തു. പിന്നാലെ ബ്ലോക്ക് മാറ്റിയെന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്‌തു. അൽപ്പ സമയത്തിനുള്ളിൽ പണം പിൻവലിച്ചതായ സന്ദേശം എത്തിയപ്പോഴാണ് തട്ടിപ്പിനിരയായ കാര്യം മനസ്സിലായത്.
5,54,000 രൂപയാണ് അക്കൗണ്ടിൽ ഉണ്ടായിരുന്നത്. രണ്ട് തവണയായാണ് പണം പിൻവലിച്ചത്. ആദ്യം 4,99,900 രൂപയും പിന്നാലെ 50,000 രൂപയും. ഉടൻ ബാങ്കിൽ വിളിച്ച് വിവരം പറഞ്ഞു. ബാങ്കിന്റെ കൊൽക്കത്ത ശാഖയിലെ അക്കൗണ്ടിലേക്കാണ് പണം പോയതെന്നു മനസിലായി.
ബാങ്ക് അധികൃതർ ആ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമ്പോഴേക്കും 3,69,990 രൂപ എടുത്തിരുന്നു. മനോഹരയുടെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് അന്വേഷണം തുടങ്ങി.
Post a Comment