തിരുവനന്തപുരം: സമസ്ത മേഖലകളും ഭിന്നശേഷി സൗഹൃദമാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഡോ. ശശി തരൂര്‍ എം പി. അംഗപരിമിതര്‍ക്ക് നല്‍കിയിട്ടുള്ള അവകാശങ്ങള്‍ സര്‍ക്കാരും സമൂഹവും പൂര്‍ണ്ണമായും അംഗീകരിച്ച് നടപ്പാക്കുന്നില്ല. സര്‍ക്കാര്‍ ജോലികളില്‍ ഭിന്നശേഷിക്കാര്‍ക്കായി നടപ്പാക്കിയ സംവരണം പോലും അട്ടിമറിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി ആസ്ഥാനത്ത് ഡിഫറന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ്സിന്റെ 14 -ാം സ്ഥാപകദിന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
ഡിഫറന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് കൊറ്റാമം വിമല്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഊരൂട്ടമ്പലം വിജയന്‍ സ്വാഗതം പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കിയതിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം ലഭിച്ച തിരുവനന്തപുരം ജില്ലാ വികലാംഗ ക്ഷേമ പ്രിന്റിംഗ് കോ: ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കൊറ്റാമം വിമല്‍ കുമാര്‍ , കര്‍ഷക അവാര്‍ഡ് നേടിയ അനില്‍ വെറ്റിലകണ്ടം എന്നിവരെ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം വി എസ് ശിവകുമാര്‍ സമ്മേളനത്തില്‍ വെച്ച് ആദരിച്ചു.
Ads by Google
Post a Comment