തിരുവനന്തപുരം: മരത്തിൽ നിന്ന് വീണ് തളർന്നു പോയ സുഹൃത്തിനെ വീണ്ടും ക്ലാസ് മുറിയിലെത്തിച്ച അപൂർവ്വ സൗഹൃദമാണിത്. വർക്കല അയിരൂർ സ്വദേശി ഷഹർഷായ്ക്ക് താങ്ങായി 31 വർഷത്തിന് ശേഷം സഹപാഠിയായെത്തിയ അങ്കണവാടി അധ്യാപിക ബിന്ദു. വർക്കലയിൽ നിന്ന് 24 കിലോമീറ്റർ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് കൊല്ലം ഫാത്തിമ മാതാ കോളേജിൽ ബി എ മലയാളം വിദൂര വിദ്യഭ്യാസം പഠിക്കാനെത്തുന്ന ഇരുവരുടേയും ദൃഢമായ സുഹൃദ് ബന്ധത്തിൻ്റെ കഥയാണ് പറഞ്ഞുതുടങ്ങുന്നത്.
'ഞാനിവിടെ വരാന്‍ കാരണം തന്നെ ബിന്ദുവാണ്. ഹെല്‍പ് ചെയ്യാമെന്ന ഉറപ്പിന്‍റെ പുറത്താണ് ഞാനിവിടെ വരുന്നത്. ഒരാളിന്‍റെ സഹായമില്ലാതെ എനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ല. വന്നിറങ്ങുന്ന സമയം മുതല്‍ തിരികെ പോകുന്ന സമയം പുള്ളിക്കാരിയുടെ ഹെല്‍പാണ് എനിക്ക് കരുത്താകുന്നത്.' ഷെഹര്‍ ഷാ പറയുന്നു.
23 വർഷം മുൻപ് പുതുവർഷത്തലേന്ന് മരത്തിൽ നിന്ന് വീണ് ഷെഹർ ഷാ കിടപ്പിലാകുമ്പോൾ പ്രായം 24. 1992 ൽ എസ് എസ് എൽസിക്ക് ശേഷം ബിന്ദു ഷെഹർ ഷായെ കണ്ടത് പൂർവ വിദ്യാർത്ഥി സംഗമത്തിൽ വെച്ചാണ്. സംസാരിച്ചു തുടങ്ങിയപ്പോൾ സ്വന്തം ഇഷ്ടങ്ങൾ കൂട്ടുകാരൻ്റെ ഇഷ്ടത്തിന് വഴിമാറി.
'ഒരിക്കലും ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. എനിക്കൊന്നും കൊടുക്കാനൊന്നും സാധിക്കില്ല. ഇങ്ങനെയൊരു സഹായം ചെയ്യാനേ സാധിക്കൂ. അത് നമ്മുടെ മനസിനൊരു സംതൃപ്തിയാണ്.' ബിന്ദു പറയുന്നു. 'ഒരു ദിവസമോ രണ്ട് ദിവസമോ ആരെങ്കിലും സഹായിക്കുമായിരിക്കും. 6 സെമസ്റ്ററിന് 3 വര്‍ഷമുണ്ട്. ഇതുപോലെ ഒരാള്‍ കൂടെയുണ്ടെങ്കിലേ സാധിക്കൂ' എന്ന് ഷെഹര്‍ഷാ.
ഇങ്ങനെയൊരു സുഹൃത്ത് ഇല്ലായിരുന്നെങ്കിൽ ഉപരിപഠന സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നേനെയെന്ന് ഷെഹർ ഷായുടെ സാക്ഷ്യപ്പെടുത്തൽ. ബി എസ് എൻ എല്ലിൽ കരാർ ജീവനക്കാരനായിരുന്നപ്പോഴെത്തിയ വിധിയെ സുഹൃത്തിൻ്റെ കരം പിടിച്ച് മറി കടക്കുകയാണ് പഠനത്തിലൂടെ ഈ യുവാവ്. അവിവാഹിതനായ ഷെഹർഷായ്ക്ക് ഓട്ടോറിക്ഷ വാങ്ങാൻ സഹായിച്ചതും പൂർവ്വ വിദ്യാർത്ഥികൾ ചേര്‍ന്നാണ്. കെട്ടിട നിർമ്മാണത്തൊഴിലാളിയായ ഭർത്താവിൻ്റേയും മക്കളുടേയും പൂർണ പിന്തുണയുണ്ട് ബിന്ദുവിന്.
Post a Comment