കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ സംഘർഷത്തിൽ വിദ്യാർത്ഥികൾക്കെതിരെ കോളേജ്നടപടി. 21 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. കെഎസ്‍യു, ഫ്രറ്റേണിറ്റി എസ്എഫ്ഐ പ്രവർത്തകര്‍ക്കുമെതിരെയാണ് കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.13 കെഎസ്‌യു-ഫ്രട്ടേണിറ്റി പ്രവർത്തകരെയും, 8 എസ്എഫ്ഐക്കാരെയുമാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെയാണ് സസ്പെൻഷൻ. ഈ കാലയളവിൽ വിദ്യാർത്ഥികൾ കാമ്പസിനുള്ളിൽ പ്രവേശിക്കരുതെന്നും ഉത്തരവ്.
കഴിഞ്ഞ 15 മുതൽ കോളേജിലുണ്ടായ സംഘർഷത്തിൽ ആകെ 8 കേസുകളാണ് സെൻട്രൽ പോലീസ് എടുത്തിട്ടുള്ളത്. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ സംഭവത്തിൽ 15 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കെഎസ്‍യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകർക്കെതിരെയാണ് കേസെടുത്തത്. വധശ്രമം അടക്കം 9 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥി അബ്ദുൾ മാലിക് ഒന്നാം പ്രതി. അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആറിലുള്ളത്.
അതേസമയം വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെയും കോളേജ് അധികൃതരുടെയും പോലീസിന്റെയും യോഗത്തില്‍ മഹാരാജാസില്‍ ക്ലാസുകള്‍ പുനഃ ആരംഭിക്കാന്‍ തീരുമാനമായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച കോളേജ് കര്‍ശനമായ നിയന്ത്രണങ്ങളോട് കൂടിയാണ് തുറന്നിരിക്കുന്നത്. വൈകിട്ട് ആറുമണിക്ക് ശേഷം ആരെയും ക്യാമ്പസില്‍ തുടരാന്‍ അനുവദിക്കില്ല.
ആറിന് ശേഷം ക്യാമ്പസ്സില്‍ തുടരുന്നതിന് പ്രിന്‍സിപ്പാലിന്റെ പ്രത്യേക അനുമതി വാങ്ങണം.കോളേജ് ഗേറ്റില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും എന്നീ അടിയന്തരമായി തീരുമാനം നടപ്പിലാക്കുമെന്ന് യോഗത്തില്‍ തീരുമാനമായി. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഉടന്‍ നല്‍കുമെന്നും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അറിയിച്ചിട്ടുണ്ട്.
Post a Comment