തിരുവനന്തപുരം: പെണ്‍കുട്ടികളെ സ്വയം പര്യാപ്തതയില്‍ എത്തിച്ചതിനു ശേഷമാവണം വിവാഹം നടത്തേണ്ടതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. നിയമപരമായി 18 വയസില്‍ വിവാഹം കഴിക്കാന്‍ സാധിക്കുമെങ്കിലും ഈ പ്രായത്തില്‍ തന്നെ വിവാഹം നടത്തണമെന്ന് നിര്‍ബന്ധബുദ്ധി പുലര്‍ത്തേണ്ടതില്ലെന്നും സതീദേവി പറഞ്ഞു. പട്ടിക വര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി കുറ്റിച്ചല്‍ മണ്ണാംകോണം കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സതീദേവി.
കുടുംബശ്രീ ഓക്‌സിലിയറി ഗ്രൂപ്പുകള്‍ മുഖേന യുവതികള്‍ക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കണമെന്നും സതീദേവി ആവശ്യപ്പെട്ടു. 'അംഗന്‍വാടികളിലേക്കും സ്‌കൂളുകളിലേക്കും എല്ലാ ദിവസവും കുട്ടികളെ അയയ്ക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. സ്‌കൂള്‍ പഠനത്തിനു സജ്ജമാക്കുന്ന മികച്ച പരിശീലനമാണ് അംഗന്‍വാടികളില്‍ കുട്ടികള്‍ക്കു ലഭിക്കുന്നത്. പഠനത്തിനൊപ്പം പോഷക മൂല്യമുള്ള ആഹാരവും അംഗന്‍വാടികളില്‍ കൃത്യമായി കുട്ടികള്‍ക്കു ലഭിക്കുന്നുണ്ട്. രണ്ടര വയസു കഴിഞ്ഞ കുട്ടികളെ നിര്‍ബന്ധമായും അംഗന്‍വാടികളില്‍ അയയ്ക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.' കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ എത്തുന്നതിന് നിലവിലുള്ള യാത്രാ സൗകര്യങ്ങളെയെല്ലാം ഉപയോഗപ്പെടുത്തണമെന്നും സതീദേവി ആവശ്യപ്പെട്ടു.
'പുകയില ഉപയോഗിച്ചുള്ള മുറുക്ക് കാന്‍സറിനു കാരണമാകുമെന്ന് ഗോത്ര ജനത തിരിച്ചറിയണം. കുടുംബ ബന്ധങ്ങളെയും ആരോഗ്യത്തെയും തകര്‍ക്കുന്നതിനാല്‍ മദ്യപാനം ഒഴിവാക്കണം. ഗോത്ര ജനതയുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് പ്രാധാന്യം നല്‍കുന്ന കേരളത്തിലേതു പോലെ മറ്റൊരു സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യയിലില്ല. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ ക്ഷേമത്തിനായി വിപുലമായ കര്‍മ്മ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ഈ വിഭാഗത്തിന്റെ മുന്നേറ്റത്തിനായി വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതികളാണ് നടപ്പാക്കി വരുന്നത്.' സര്‍ക്കാര്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ, ക്ഷേമ പദ്ധതികളുടെ പ്രയോജനം ഗോത്ര ജനതയ്ക്ക് ലഭ്യമാക്കുന്നതിന് ആവശ്യമായ അവബോധം നല്‍കുന്നതിന് പട്ടികവര്‍ഗ പ്രമോട്ടര്‍മാര്‍ ജനങ്ങളിലേക്ക് നേരിട്ടു ചെല്ലണമെന്നും സതീദേവി ആവശ്യപ്പെട്ടു.
Post a Comment