Join News @ Iritty Whats App Group

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 16ന്? വ്യക്തത വരുത്തി ദില്ലി തെരഞ്ഞെടുപ്പ് കമ്മീഷന്‍


ദില്ലി:ലോക്‌സഭാ തിരഞ്ഞെടുപ്പിന് അന്തിമ തീയതി പ്രഖ്യാപിച്ചിട്ടില്ലെന്ന് ദില്ലി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ദില്ലി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസ് 11 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് അയച്ച ഒരു സര്‍ക്കുലറാണ് ചര്‍ച്ചയായത്. സര്‍ക്കുലറില്‍ ലോകസഭാ തെരഞ്ഞെടുപ്പിന്റെ തീയതി 2024 ഏപ്രില്‍ 16 ആണെന്ന് സൂചിപ്പിച്ചിരുന്നു. എന്നാലിത് തെരഞ്ഞെടുപ്പ് തീയതി അല്ലെന്നും തെരഞ്ഞടുപ്പ് പ്ലാനിംഗിനും റഫറന്‍സിനും തയ്യാറാകുന്നതിനും വേണ്ടി നല്‍കിയ തീയതിയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

എക്‌സില്‍ പങ്കുവച്ച വിശദീകരണ കുറിപ്പിലൂടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തീയതി സംബന്ധിച്ച് നിരവധി അന്വേഷണങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് വരുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള 'റഫറന്‍സിനായി' മാത്രമാണ് തീയതി ഏപ്രില്‍ 16 എന്ന് നല്‍കിയിരിക്കുന്നതെന്നുമാണ് എക്‌സ് കുറിപ്പ്.

ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയകളിലൊന്ന് ആസൂത്രണം ചെയ്യുമ്പോള്‍ താല്‍ക്കാലിക തീയതി നിശ്ചയിക്കുന്ന പ്രക്രിയ സാധാരണമാണെന്നാണ് വിദഗ്ധരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യഥാര്‍ത്ഥ തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഏപ്രിലില്‍ എപ്പോഴെങ്കിലും തുടങ്ങി, ഘട്ടം ഘട്ടമായി മെയ് വരെ തെരഞ്ഞെടുപ്പ് നീളാനും സാധ്യതയുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 2019ല്‍ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായിട്ടായിരുന്നു നടന്നത്.ഏപ്രില്‍ 11 -ന് ആരംഭിച്ച് മെയ് 19 -നായിരുന്നു തെരഞ്ഞെടുപ്പ് അവസാനിച്ചു. ഫലങ്ങള്‍ മെയ് 23 -നും പ്രഖ്യാപിക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group