തിരുവനന്തപുരം: കെ-റെയില്‍ അട്ടിമറിക്കാന്‍ അന്യസംസ്ഥാന കോര്‍പറേറ്റ് ഭീമന്മാരില്‍നിന്ന് 150 കോടി കൈപ്പറ്റിയെന്ന നിലമ്പൂർ എംഎൽഎ പിവി അൻവറിന്‍റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഐടി കമ്പനിക്കാർ നൽകിയ പണം മത്സ്യ ലോറിയില്‍ ചാവക്കാട് എത്തിച്ച് അവിടെ നിന്നും ആംബുലന്‍സില്‍ കൊണ്ടു പോയെന്നും അവിടെ നിന്നും ബെംഗളുരുവിലേക്ക് കൊണ്ടു പോയെന്നുമാണ് ആരോപണം. ഇതെല്ലാം കേട്ട് ഞാൻ ചിരിക്കണോ അതോ മുഖ്യമന്ത്രിയുടെ ഗതികേട് ഓര്‍ത്ത് കരയണോ എന്ന് വിഡി സതീശൻ ചോദിച്ചു.
സിൽവർ ലൈൻ പദ്ധതി നടപ്പായാല്‍ കേരളത്തിന്റെ ഐ.ടി. മേഖലയില്‍ ഉണ്ടാകാന്‍പോകുന്ന കുതിച്ചുചാട്ടം ഇല്ലാതാക്കാന്‍ കോൺഗ്രസിനെ കൂട്ടുപിടിച്ച് അന്യസംസ്ഥാന കോര്‍പറേറ്റ് ഭീമന്മാരാണ് പദ്ധതി അട്ടിമറിച്ചതെന്നും ഇതിന് പ്രതിപക്ഷ നേതാന് 150 കോടി കൈപ്പറ്റിയെന്നുമായിരുന്നു നിയമസഭയില്‍ പിവി അൻവർ ഉന്നയിച്ച ആരോപണം. കെ റെയില്‍ വന്നിരുന്നെങ്കില്‍ കേരളത്തിലെ ഐ.ടി രംഗം കുതിച്ചുയരുകയും ഹൈദരാബാദിലെയും ബംഗളുരുവിലെയും ഐ.ടി ബിസിനസ് തകര്‍ന്നു പോകുമെന്നും കേരളത്തില്‍ നിന്നും ഓരാളെ പോലും ജോലിക്ക് കിട്ടില്ല. 2050 ആകുമ്പോള്‍ കമ്പനികള്‍ പൂട്ടിപ്പോകുമെന്ന് മനസിലാക്കിയ ഐ.ടി കമ്പനിക്കാര്‍ പ്രതിപക്ഷ നേതാവിന് 150 കോടി രൂപ നല്‍കിയെന്നാണ് പിവി അൻവർ ആരോപിച്ചത്.
എന്നാൽ ആ പണം മത്സ്യ ലോറിയില്‍ ചാവക്കാട് എത്തിച്ച് അവിടെ നിന്നും ആംബുലന്‍സില്‍ കൊണ്ടു പോയെന്നും അവിടെ നിന്നും ബെംഗളുരുവിലേക്ക് കൊണ്ടു പോയെന്നുമാണ് പറഞ്ഞത്. അത് എങ്ങനെ കൊണ്ട് പോയതെന്ന് പറഞ്ഞിട്ടില്ലെന്ന് വിഡി സതീശൻ പറഞ്ഞു. ഞാന്‍ എന്താണ് പറയേണ്ടത്? ചിരിക്കണോ അതോ മുഖ്യമന്ത്രിയുടെ ഗതികേട് ഓര്‍ത്ത് കരയണോ? ആരോപണം ഉന്നയിച്ച ആളെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. ഇതില്‍ കൂടുതലൊന്നും അയാളില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷെ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭാ നേതാവല്ലെ? സി.പിഎം പാര്‍ട്ടിയുടെ ലീഡര്‍ അല്ലേ? ഇത്തരം ഒരു ആരോപണം നിയമസഭയില്‍ അവതരിപ്പിക്കാന്‍ അനുവാദം കൊടുത്തതില്‍ നിങ്ങളോട് എനിക്ക് സഹതാപം തോന്നുന്നുവെന്ന് വിഡി സതീശൻ നിയമ സഭയിൽ മറുപടി പറഞ്ഞു.
പിണറായി വിജയൻ ഇങ്ങനെ പരിഹാസപാത്രമാകണോ? ഈ ആരോപണം നിയമസഭ രേഖകളില്‍ കിടക്കട്ടെ. അത് നീക്കണമെന്ന് ഞാന്‍ പറയുന്നില്ല. ഇങ്ങനെയുള്ള ആള്‍ക്കാരും ഈ നിയമസഭയില്‍ ഉണ്ടായിരുന്നെന്ന് വരാനിരിക്കുന്ന തലമുറ അറിയട്ടെ. പക്ഷെ മുന്‍കൂട്ടി നല്‍കിയ നോട്ടീസില്‍ പറയാതെ സഭയില്‍ ഇല്ലാത്തെ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്. അത് ശരിയല്ല. കെ.സി വേണുഗോപാലിന് എതിരായ ആരോപണം സഭാ രേഖകളില്‍ നിന്നും നീക്കണം. ഈ ആരോപണത്തിനൊക്കെ എന്ത് മറുപടിയാണ് പറയേണ്ടത്. പ്രതിപക്ഷം മുഖ്യമന്ത്രിയെ കുറിച്ച് ആരോപണം ഉന്നയിക്കുമെന്ന് ഓര്‍ത്താണോ ഇങ്ങനെപറയിപ്പിച്ചതെന്നും വിഡി സതീശൻ നിയമ സഭയിൽ ഭരണ പക്ഷത്തോട് ചോദിച്ചു.
Post a Comment