തിരുവനന്തപുരം: നിയമസഭയില്‍ വി.ഡി സതീശനെതിരെ കടുത്ത അഴിമതി ആരോപണങ്ങളുമായി പി.വി അന്‍വര്‍. കെ റെയില്‍ അട്ടിമറിക്കാന്‍ വന്‍ സാമ്പത്തിക ഗൂഢാലോചന നടന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്നും അന്‍വര്‍ ആരോപിച്ചു.
കോടികളുടെ അഴിമതിയാണ് സതീശന്‍ നടത്തിയതെന്നാണ് അന്‍വറിന്റെ ആരോപണം. കര്‍ണാടകയിലെയും ഹൈദരാബാദിലേയും കമ്പനികളെ കൂട്ടുപിടിച്ച് സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ കെ റെയിലിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നാണ് അന്‍വര്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം. ഇതിനായി 150 കോടി സതീശന്റെ കയ്യിലെത്തിയെന്നും അന്‍വര്‍ ആരോപിക്കുന്നു.
കണ്ടയിനര്‍ ലോറികളില്‍ പണം എത്തിച്ചു. മത്സ്യം കയറ്റി വരുന്ന ലോറിയിലാണ് പണം എത്തിയത്. മൂന്ന് ഘട്ടങ്ങളിലായി 50 കോടി രൂപ വീതം 150 കോടി രൂപ ചാവക്കാട് എത്തി. ചാവക്കാട് നിന്ന് ആംബുലന്‍സില്‍ പണം കൊണ്ടുപോയി ഈ പണം കര്‍ണാടകയിലാണ് നിക്ഷേപിച്ചിരിക്കുന്നത് സതീശന്‍ സ്ഥിരമായി ബാംഗ്ലൂരിലേക്ക് പോകുന്നുണ്ടെന്നും യാത്രരേഖകള്‍ പരിശോധിക്കണമെന്നും ഇതിനെ സംബന്ധിച്ചുകൊണ്ട് പി.വി അന്‍വര്‍ പറഞ്ഞു.
ഒന്നാം ഘട്ടത്തില്‍ പ്രതിപക്ഷം കെ റെയിലിനെതിരെ കാര്യമായ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നില്ല. എന്നാല്‍ പിന്നീട് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് ജനങ്ങളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിച്ചു. ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പദ്ധതിക്ക് എതിരെ കുപ്രചാരണം നടത്തി. വി.ഡി സതീശനായിരുന്നു ഇതിന്റെയെല്ലാം നേതാവ്. പ്രതിപക്ഷ നേതാവിന്റെ അഴിമതിയും ഗൂഢാലോചനയും അന്വേഷിക്കണം. ധിക്കാരിയും അഭിനേതാവുമാണ് വി.ഡി സതീശന്‍ . വിഡി സീശനൊപ്പം സാമാജികനായി ഇരിക്കേണ്ടി വന്നതില്‍ തല കുനിക്കുന്നുവെന്നും പി.വി അന്‍വര്‍ പറഞ്ഞു.
Post a Comment