ഇടുക്കി: ശബരിമല മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദർശന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭക്തരെ പ്രതീക്ഷിക്കുന്നുവെന്നും കുറ്റമറ്റ സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളതെന്നും ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. 1400 ഓളം പോലീസുകാരെയാണ് വിവിധ പോയിന്റുകളിലായി നിയോഗിക്കുക.
വള്ളക്കടവിൽ നിന്ന് പുല്ലുമേട് ടോപ്പ് വരെ ഓരോ 2 കിലോമീറ്റർ ഇടവിട്ട് ആംബുലൻസ്, മെഡിക്കൽ ടീമിന്റെ സേവനം , 1 കിലോമീറ്റർ ഇടവിട്ട് കുടിവെള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ഐ സി യു ആംബുലൻസ്, മെഡിക്കൽ ടീം തുടങ്ങിയ സേവനങ്ങൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് ലഭ്യമാക്കുക. പൊതുമരാമത്ത് വകുപ്പ് സുരക്ഷാ ബാരിക്കേഡ് നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട് . ഉപ്പുപാറ, പുല്ലുമേട് എന്നിവിടങ്ങളിൽ 5000 ലിറ്റർ വാട്ടർ ടാങ്കുകൾ സ്ഥാപിക്കുന്ന ജോലി വാട്ടർ അതോറിറ്റി പൂർത്തിയാക്കി. കോഴിക്കാനത്ത് 2000 ലിറ്റർ വെള്ളം ശേഖരിക്കാൻ കഴിയുന്ന ടാങ്കും മറ്റ് സ്ഥലങ്ങളിൽ ചെറിയ ടാങ്കുകളും സ്ഥാപിക്കും.
6 പോയിന്റുകളിൽ അഗ്നിരക്ഷാ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോഴിക്കാനം മുതൽ പുല്ലുമേട് വരെ 14 കിലോമീറ്റർ വെളിച്ച സംവിധാനം സജ്ജീകരിച്ചു. ഭക്തർക്ക് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അറിയിപ്പുകൾ നൽകും. പുല്ലുമേട് ടോപ്പിൽ മിന്നൽരക്ഷാ സംവിധാനം തയ്യാക്കിയിട്ടുണ്ട്. കോഴിക്കാനം, പുല്ലുമേട് എന്നിവിടങ്ങളിൽ വനംവകുപ്പ് ഭക്തർക്കായി കഫെറ്റീരിയ സേവനം നൽകും. മകരവിളക്ക് ദിവസം ബി.എസ്.എൻ.എൽ പുല്ലുമേട്ടിൽ മൊബൈൽ സേവനം ഉറപ്പാക്കും .
കുമളിയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസുകൾ ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമാകും സർവീസ് നടത്തുക. 65 സർവീസുകളാണ് നിലവിൽ പ്ലാൻ ചെയ്തിട്ടുള്ളത് , എന്നാൽ ആവശ്യമെങ്കിൽ കൂടുതൽ ബസുകൾ എത്തിക്കും. വള്ളക്കടവ് ചെക്ക്പോസ്റ് വഴി ഉച്ചയ്ക്ക് രണ്ട് മണിവരെ മാത്രമെ ഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂ. ശബരിമലയിൽനിന്ന് പുല്ലുമേട്ടിലേക്ക് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ മാത്രമേ യാത്ര ചെയ്യാൻ കഴിയൂ.
വിളക്ക് കണ്ട് കഴിഞ്ഞ ശേഷം തിരികെ ശബരിമലയിലേക്ക് പോകാൻ അനുവദിക്കില്ല. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് കർപ്പൂരം കത്തിക്കുന്നതടക്കമുള്ളവ പുല്ലുമേട്ടിൽ ഒഴിവാക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. പ്ലാസ്റ്റിക് , നിരോധിത വസ്തുക്കൾ തുടങ്ങിയവ അനുവദിക്കില്ല. വണ്ടിപ്പെരിയാർ പഞ്ചായത്ത് സ്റ്റേഡിയം, വാളാടി ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. തമിഴ്‌നാട്ടിൽനിന്ന് ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തർ കുമളിയിൽ നിന്ന് കമ്പംമേട്, കട്ടപ്പന, കുട്ടിക്കാനം വഴി യാത്രചെയ്യേണ്ടതാണ്.
ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കുമളിയിൽ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ജില്ലാ പോലീസ് മേധാവി ടി.കെ വിഷ്ണുപ്രദീപ്, സബ് കലക്‌ടർ അരുൺ എസ് നായർ, വനംവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിന് ശേഷം കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങൾ സന്ദർശിച്ചു.
Post a Comment