Join News @ Iritty Whats App Group

ഒരാഴ്ചക്കിടെ രണ്ട് മരണം; കോവിഡ് നിഴലില്‍ കണ്ണൂര്‍




ണ്ണൂര്‍: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് നിഴലില്‍ ജില്ല. ഒരാഴ്ചക്കിടെ രണ്ട് കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

നീണ്ട ഇടവേളക്കുശേഷം തുടര്‍ച്ചയായി കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പും ജാഗ്രതയിലാണ്. ഡിസംബര്‍ 15നാണ് പാനൂര്‍ സ്വദേശിയായ വയോധികൻ മരിച്ചത്. 

ചുമയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. 

എടക്കാട് സ്വദേശിയായ മധ്യവയസ്കൻ മരിച്ചത് കഴിഞ്ഞദിവസമാണ്. കണ്ണൂര്‍ സ്വകാര്യാശുപത്രിയില്‍ മരണശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ജില്ലയോട് ചേര്‍ന്ന പ്രദേശമായ കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍ സ്വദേശിയും കഴിഞ്ഞദിവസം കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. ജില്ലയില്‍ പൊതുവായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തയിടങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ജനപ്രതിനിധികളും ആരോഗ്യവകുപ്പും യോഗം ചേര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആളുകള്‍ കൂടുന്ന ചടങ്ങുകളും മറ്റും തദ്ദേശസ്ഥാപനങ്ങളില്‍ അറിയിക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗസ്ഥിരീകരണം വര്‍ധിച്ചതായാണ് കണക്കുകള്‍. 

അതേസമയം, കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി മേഖലയായ ദക്ഷിണ കന്നടയിലും കുടകിലും മലയാളി യാത്രക്കാര്‍ക്ക് സ്ക്രീനിങ് തുടങ്ങി. ജില്ലയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പനിലക്ഷണങ്ങളുണ്ടോ എന്നാണ് ആരോഗ്യവകുപ്പ് പരിശോധിക്കുന്നത്.

നിലവില്‍ ഇരു സംസ്ഥാനങ്ങളിലേക്കും തിരിച്ചും സഞ്ചാരവിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ണാടക സഞ്ചാരവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കുടകില്‍ കണ്ണൂര്‍, വയനാട് ജില്ല അതിര്‍ത്തി ചെക്പോസ്റ്റുകളിലും ദക്ഷിണ കന്നട ജില്ലയില്‍ തലപ്പാടി ഉള്‍പ്പെടെ കാസര്‍കോട് ജില്ല അതിരുകളിലുമാണ് പരിശോധനകള്‍ നടക്കുന്നത്.

കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പൊതുവിടങ്ങളില്‍ മാസ്ക് ഉപയോഗം വര്‍ധിച്ചു. ആരോഗ്യവകുപ്പിന്റെ പ്രത്യേക നിര്‍ദേശങ്ങളൊന്നും ഇല്ലാതെതന്നെ യാത്രയിലും ആളുകള്‍ കൂടുന്നിടങ്ങളിലും മാസ്ക് ധാരികള്‍ വര്‍ധിച്ചിട്ടുണ്ട്.

അതേസമയം ജില്ലയില്‍ പനി കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. നിരവധി പേരാണ് ആശുപത്രികളില്‍ ചികിത്സതേടുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group