Join News @ Iritty Whats App Group

കനത്ത സുരക്ഷയിൽ തലസ്ഥാനം; പ്രതിഷേധങ്ങൾക്കിടെ നവകേരള സദസ് ഇന്ന് സമാപിക്കും, ഡിജിപി ഓഫീസിലേക്ക് കോണ്‍ഗ്രസ് മാർച്ച്


പ്രതിപക്ഷ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ നവകേരള സദസിന് ഇന്ന് സമാപനമാകും. കാസർഗോ‍ഡ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ മാസം 18ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് ഇന്ന് സമാപന ദിനത്തിലെത്തിയിരിക്കുന്നത്. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് 5 മണ്ഡലങ്ങളിൽ നവകേരള സദസ്സ് നടക്കും. കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുക. വട്ടിയൂർക്കാവ് പോളിടെക്നിക്ക് ഗ്രൗണ്ടിലാണ് സമാപന സമ്മേളനം.

മുൻ ദിവസങ്ങളിൽ എന്ന പോലം ഇന്നും പ്രതിഷേധങ്ങൾ ശക്തമാക്കാനാണ് പ്രതിപക്ഷശ്രമം. ഇന്നും തലസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രതിപക്ഷ പ്രതിഷേധനങ്ങള്‍ ഉണ്ടായേക്കും. യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാ‍ർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് നഗരത്തിലുള്ളത്.

കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്നാണ് എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ പര്യടനം മാറ്റിവച്ചിരുന്നു. അടുത്ത മാസം 1, 2 തീയതികളില്‍ മാറ്റിവച്ച പര്യടനം പൂർത്തിയാക്കും. അതേസമയം, മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെ കോണ്‍ഗ്രസിന്‍റെ ഡിജിപി ഓഫീസ് മാര്‍ച്ച് ഇന്ന് നടക്കും. പത്തരയ്ക്ക് കെപിസിസി ആസ്ഥാനത്ത് നിന്നാണ് മാര്‍ച്ച് തുടങ്ങുക.

കെ.സുധാകരന്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും. എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുക്കും. ഇതേവിഷയത്തില്‍ കെഎസ്‍യുവും യൂത്ത് കോണ്‍ഗ്രസും നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിന്‍റെ പശ്ചാത്തലത്തില്‍ നഗരത്തിൽ കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group