Join News @ Iritty Whats App Group

‘മണിപ്പൂർ എന്തുകൊണ്ട് ചർച്ചയായില്ല?, മണിപ്പൂർ ബിഷപ്പിനെ എന്തുകൊണ്ട് ക്ഷണിച്ചില്ല?’; ക്രിസ്മസ് വിരുന്ന് മോദിയുടെ തിരഞ്ഞെടുപ്പ് ഗുണ്ടെന്ന് കെസി വേണുഗോപാല്‍



പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് തന്ത്രമാണ് ക്രിസ്മസ് ദിനത്തിലെ ക്രൈസ്തവ സഭ മേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ക്രൈസ്തവർ അകന്നു പോകുമെന്ന ഭയം കോൺഗ്രസിനില്ല. ക്രൈസ്തവരേയും, മുസ്ലീങ്ങളെയും തമ്മിലടിപ്പിക്കാനാണ് മോദിയുടെ ശ്രമമെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു.

‘പ്രധാനമന്ത്രിയുടേത് തിരഞ്ഞെടുപ്പ് ഗുണ്ട് മാത്രമാണ്. ക്രിസ്മസ് വിരുന്നില്‍ മണിപ്പൂർ എന്തുകൊണ്ട് ചർച്ചയായില്ല? മണിപ്പൂർ ബിഷപ്പിനെ കൂടിക്കാഴ്ചക്ക് ക്ഷണിക്കാത്തത് എന്തുകൊണ്ട്?’ എന്നും വേണുഗോപാൽ ചോദിച്ചു. മാർപാപ്പ ഇന്ത്യയിലെത്തുമെന്ന പ്രഖ്യാപനം കഴിഞ്ഞ ഗോവ തെരഞ്ഞെടുപ്പ് വേളയിലും ഉണ്ടായതാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് ന്യൂനപക്ഷങ്ങളുടെ പരാതികൾ കേൾക്കാൻ വിപുലമായ ഒരുക്കങ്ങൾ കോണ്‍ഗ്രസ് നടത്തുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

മുംബൈ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വൽഡ് ​ഗ്രേഷിയസ്, ദില്ലി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, സിറോ മലബാർ സഭ ഫരീദാബാദ് രൂപത ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ദില്ലി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, ചർച്ച ഓഫ് നോർത്ത് ഇന്ത്യ ഡയറക്ടർ പോൾ സ്വരൂപ് വ്യവസായികളായ ജോയ് ആലുക്കാസ്, അലക്സാണ്ടർ ജോർജ്, മാനുവൽ, കായികതാരം അഞ്ജു ബോബി ജോർജ്, ബോളിവുഡ് നടൻ ദിനോ മോറിയ എന്നിവരുൾപ്പടെ 60 പേരാണ് മോദിയുടെ വിരുന്നിൽ അതിഥികളായത്.

രാജ്യത്തിന് ക്രൈസ്തവ വിശ്വാസികള്‍ നിസ്തുല സേവനമാണ് നല്‍കിയിട്ടുള്ളത്. വികസനത്തിന്റെ ഗുണം എല്ലാവര്‍ക്കും കിട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി ക്രൈസ്തവ സഭാധ്യക്ഷന്‍മ്മാരോട് സംസാരിക്കവേ വ്യക്തമാക്കി. മണിപ്പൂരോ മറ്റ് രാഷ്ട്രീയ വിഷയങ്ങളോ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ല.

ഒന്നര മണിക്കൂറോളം നീണ്ട ചടങ്ങിലാണ് അടുത്ത വർഷം രണ്ടാം പകുതിയിലോ, 2025 ആദ്യമോ മാർപാപ്പ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചത്. മാർപാപ്പയെ നേരിൽ കണ്ടത് ജീവിതത്തിലെ അസുലഭ നിമിഷമാണെന്നും മോദി പറഞ്ഞു. ഇതാദ്യമായാണ് മോദിയുടെ വസതിയില്‍ ക്രിസ്തുമസ് വിരുന്നൊരുക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group