Join News @ Iritty Whats App Group

ശരണംവിളി മുദ്രാവാക്യമായി; ശബരിമല ഭക്തരുടെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിത സ്വഭാവമെന്ന് ദേവസ്വം മന്ത്രി; തീര്‍ഥാടകരെ പമ്പയില്‍ തടയുന്നു


ശബരിമലയില്‍ ഭക്തരുടെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിത സ്വഭാവമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. നേരത്തെ ഇതിലും കൂടുതല്‍ ഭക്തര്‍ ശബരിമലയില്‍ എത്തിയിട്ട് ഒരു പ്രതിഷേധങ്ങളും ഉണ്ടായിട്ടില്ല. പക്ഷേ, ഈ മണ്ഡലകാലത്തില്‍ തീര്‍ത്ഥാടകര്‍ പ്രതിഷേധിക്കുന്നുണ്ട്. ഇതിന് പിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ട്. പ്രതിഷേധത്തിന് പിന്നില്‍ യുഡിഎഫും സംഘ്പരിവാറും ആകാമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

മുന്‍ കാലങ്ങളില്‍ മണിക്കൂറുകള്‍ വരി നിന്നിട്ടും ആരും പ്രതിഷേധിക്കുന്നത് ആരും കണ്ടിട്ടില്ല. പ്രതിഷേധം ബോധപൂര്‍വം സൃഷ്ടിക്കുന്നതാണ്. ശരണം വിളി മുദ്രാവാക്യമായി മാറിയെന്നും വിശ്വാസത്തെ വോട്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കെ. രാധാകൃഷ്ണന്‍ ആരോപിച്ചു.

ഹൈകോടതി നിര്‍ദേശിച്ച കാര്യങ്ങളെല്ലാം ശബരിമലയില്‍ നടപ്പാക്കിയിട്ടുണ്ട്. മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. യാഥാര്‍ഥ്യം മനസിലാക്കാതെ വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തി ജനങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള നീക്കമാണിത്. ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളെ തെരഞ്ഞെടുപ്പില്‍ ചൂഷണം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

മണ്ഡലപൂജക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തുന്നതിനാല്‍ തീര്‍ഥാടകരെ പമ്പയില്‍ നിയന്ത്രിക്കുകയാണ്.

ശബരിമല തീര്‍ത്ഥാടകരെ വഴിയില്‍ തടഞ്ഞതോടെ അവധി ദിനത്തില്‍ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് ഇന്നലെ സ്‌പെഷല്‍ സിറ്റിങ് നടത്തിയിരുന്നു. തിരക്കു നിയന്ത്രിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഇടപെടണമെന്നു ഹൈക്കോടതി വ്യക്തമാക്കി.

പാലാ, പൊന്‍കുന്നം, ഏറ്റുമാനൂര്‍, വൈക്കം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണു ഭക്തരുടെ വാഹനങ്ങള്‍ തടയുന്നത്. ഇത് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. വാഹനങ്ങള്‍ തടയുമ്പോള്‍ ഭക്തര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു കോടതി നിര്‍ദേശിച്ചു.

തടഞ്ഞുവച്ച ഭക്തര്‍ക്കു അടിയന്തരമായി സൗകര്യം ഒരുക്കണമെന്നും യാതൊരു ബുക്കിങ്ങും ഇല്ലാതെ എത്തുന്നവരെ കടത്തിവിടുന്ന കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

അടുത്ത രണ്ടു ദിവസങ്ങളില്‍ ഒരു ലക്ഷത്തിലധികം ഭക്തര്‍ ശബരിമലയില്‍ എത്തും. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിന്റെ എണ്ണം തൊണ്ണൂറായിരം കടക്കുകയും സ്‌പോട്ട് ബുക്കിങ്ങുമായി പതിനായിരത്തോളം പേര്‍ എത്തുകയും ചെയ്യുന്നതോടെ വലിയ തിരക്കുണ്ടാവുമെന്നാണു നിഗമനം.

Post a Comment

Previous Post Next Post
Join Our Whats App Group