Join News @ Iritty Whats App Group

പൊലീസ് സ്റ്റേഷന്‍ മാർച്ചിന് മകനെ അറസ്റ്റ് ചെയ്തു, ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്മ മരിച്ചു, പ്രതിഷേധം


അത്തോളി: ഹൃദ്രോഗം ബാധിച്ച് ആശുപത്രിയിൽ കിടന്ന അമ്മയ്ക്ക് ഭക്ഷണം എത്തിക്കാൻ സമയം അനുവദിക്കണമെന്ന അപേക്ഷ പരിഗണിക്കാതെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു പിന്നാലെ അമ്മ മരിച്ചു. കോൺഗ്രസ് നേതാവ് കൂടിയായ മകനെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത് അറി‍‍ഞ്ഞുള്ള മനോവിഷമം കാരണമാണ് അമ്മ മരിച്ചതെന്ന ആരോപണവുമായി കോൺഗ്രസ്. കോഴിക്കോട് അത്തോളിയിൽ നടന്ന പൊലീസ് സ്റ്റേഷൻ മാർച്ചിന്റെ പേരിലായിരുന്നു അറസ്റ്റ്.

അത്തോളി പൊലീസ് സ്റ്റേഷനിലേക്ക് ഈ മാസം 20 തിന് നടന്ന മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ ലിനീഷ് കുമാറിനെ പൊലീസ് കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുമ്പ് ഹൃദയാഘാതത്തെത്തുടര്‍ന്ന് അത്തോളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയ്ക്ക് ഭക്ഷണവും വെള്ളവും എടുക്കാന്‍ വീട്ടിലെത്തിയതാണെന്ന് പറഞ്ഞിട്ടും പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു കൊണ്ടുപോയെന്നാണ് ആരോപണം.

മാര്‍ച്ചിനിടെ പൊലീസിനെ ആക്രമിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. റിമാന്‍ഡിലായ ലിനീഷ് കുമാറിന്റെ അമ്മ കുന്നത്തറ ചെങ്കുനിമ്മല്‍ കല്ല്യാണി അമ്മ ഇന്നലെ രാവിലെ പത്തരയോടെയാണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. മകനെ പൊലീസ് കസ്റ്റഡിയിലെടുത്ത വിവരം ഇന്നലെ രാത്രിയോടെ അമ്മ അറിഞ്ഞിരുന്നെന്നും ഇതിന്റെ മനോവിഷമം കൂടിയാണ് മരണകാരണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം.

അമ്മയ്ക്ക് ഭക്ഷണം നല്‍കിയ ശേഷം സ്റ്റേഷനില്‍ ഹാജരാകാമെന്ന് പറഞ്ഞിട്ടും പൊലീസ് കൂട്ടാക്കിയില്ല. അമ്മയുടെ സംസ്കാരത്തില്‍ പങ്കെടുക്കാന്‍ ലീനീഷ് കുമാറിന് ജാമ്യം ലഭിച്ചിട്ടുണ്ട്. ശക്തമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം

Post a Comment

Previous Post Next Post
Join Our Whats App Group