Join News @ Iritty Whats App Group

ജനുവരിയോടെ കൊവിഡ് കുതിച്ചുയരുമെന്ന് മുന്നറിയിപ്പ്, സ്‌കൂളുകളിൽ നിയന്ത്രണങ്ങൾ; കര്‍ശന തീരുമാനങ്ങളുമായി കര്‍ണാടക


ബംഗളൂരു: കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാര്‍. ജനുവരി പകുതിയോടെ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്നും ഒന്നാം തീയതി മുതല്‍ സ്‌കൂളുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമാണ് തീരുമാനം. വിദ്യാര്‍ഥികളും അധ്യാപകരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, അസംബ്ലികളിലും യോഗങ്ങളിലും സാമൂഹികഅകലം പാലിക്കണം, ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികള്‍ അകലം പാലിച്ചിരിക്കണം, സ്‌കൂളുകളില്‍ സാനിറ്റൈസേഷന്‍ സംവിധാനം ഒരുക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്നത്. 

ക്രിസ്തുമസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് പിന്നാലെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ദരുടെ നിരീക്ഷണം. കഴിഞ്ഞ 24 മണിക്കൂറില്‍ 23 പുതിയ കൊവിഡ് കേസുകളാണ് കര്‍ണാടകയില്‍ സ്ഥിരീകരിച്ചത്. ഇതോടെ 105 പേര്‍ക്കാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 85 പേര്‍ വീടുകളിലും 25 പേര്‍ ആശുപത്രിയിലുമാണ്. ഇതില്‍ ഒന്‍പത് പേര്‍ ഐസിയുവിലാണ്. 24 മണിക്കൂറില്‍ 2263 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്.

അതേസമയം, ക്രിസ്മസിനും പുതുവത്സരാഘോഷങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് ടെക്‌നിക്കല്‍ അഡൈ്വസറി കമ്മിറ്റി യോഗത്തിലെ തീരുമാനം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ബെംഗളുരുവിലേക്ക് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല. എന്നാല്‍ കേരളത്തിന്റെയും മഹാരാഷ്ട്രയുടെയും അതിര്‍ത്തി പ്രദേശങ്ങളിലെ ആശുപത്രികളില്‍ നിരീക്ഷണം ശക്തമാക്കും. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമെന്ന ചട്ടം തുടരും. കൊവിഡ് ടെസ്റ്റിന്റെ നിരക്ക് കൂട്ടാനും തീരുമാനമുണ്ട്.

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ 265 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മരണവും കൊവിഡ് ബാധയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 


Post a Comment

Previous Post Next Post
Join Our Whats App Group