Join News @ Iritty Whats App Group

നിയമം മാറുന്നു; വൈദ്യുത ലൈൻ വലിക്കാൻ ഇനി ഭൂവുടമയുടെ അനുമതി വേണം



ബ്രിട്ടീഷ് ഭരണകാലത്തെ നിയമങ്ങള്‍ മാറ്റി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ആക്‌ട് നിലവില്‍ വന്നതോടെ വൈദ്യുത ലൈനുകള്‍ വലിക്കാൻ ഭൂവുടമകളുടെ അനുമതി വേണമെന്ന വ്യവസ്ഥ നിര്‍ബന്ധമായി.
ലോക്സഭയും രാജ്യസഭയും പാസാക്കിയ ബില്ലില്‍ കഴിഞ്ഞ ദിവസമാണ് രാഷ്‌ട്രപതി ഒപ്പുവച്ചത്. 

1885 ലെ ഇന്ത്യൻ ടെലിഗ്രാഫ് ആക്‌ട്, 1933 ലെ ഇന്ത്യൻ വയര്‍ലെസ് ടെലിഗ്രാഫ് ആക്‌ട് എന്നിവ പ്രകാരം ഒരു സ്ഥലത്തുകൂടി വൈദ്യുത ലൈൻ വലിക്കുന്നതിന് ഭൂവുടമയ്ക്ക് എതിര്‍പ്പുണ്ടെങ്കിലും ജില്ലാ കളക്‌ടറുടെയോ അഡീഷണല്‍ ഡിസ്ട്രിക്‌ട് മജിസ്ട്രേറ്റിന്‍റെയോ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ എതിര്‍പ്പ് മറികടന്ന് ലൈൻ വലിക്കാനാകുമായിരുന്നു. ഉഡുപ്പി-കരിന്തളം, കരിന്തളം-വയനാട് വൈദ്യുത ലൈനുകളുടെ കാര്യത്തില്‍ കര്‍ഷകരുടെ എതിര്‍പ്പ് മറികടക്കുന്നതിനായി ഈ അധികാരമാണ് കളക്‌ടര്‍മാര്‍ എടുത്തുപയോഗിച്ചിരുന്നത്. 

കൃഷിയിടങ്ങള്‍ക്കു നടുവിലൂടെ ഉഡുപ്പി-കരിന്തളം വൈദ്യുതലൈൻ വലിക്കുന്നതിനെതിരായി കര്‍ഷക രക്ഷാസമിതിയുടെ നേതൃത്വത്തില്‍ സംഘടിത പ്രതിരോധമുണ്ടായപ്പോള്‍ കളക്‌ടര്‍ നേരിട്ട് സ്ഥലത്തെത്തി ഉത്തരവ് നല്കുകയും പോലീസിനെയടക്കം ഉപയോഗിച്ച്‌ ബലപ്രയോഗത്തിലൂടെ കര്‍ഷകരെ മാറ്റി കാര്‍ഷികവിളകള്‍ വെട്ടിനശിപ്പിക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യക്കാര്‍ക്കെതിരായി പ്രയോഗിച്ച നിയമം തന്നെയാണ് ഇത്രയും കാലം കര്‍ഷകര്‍ക്കെതിരായി ഉപയോഗിച്ചിരുന്നത്.

പുതിയ നിയമപ്രകാരം സ്വകാര്യവ്യക്തികളുടെ ഭൂമിയിലൂടെ വൈദ്യുതലൈൻ വലിക്കണമെങ്കില്‍ സ്ഥലമുടമയുടെ കൃത്യമായ അനുമതി വേണ്ടിവരും. മതിയായ നഷ്ടപരിഹാരം നല്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. തര്‍ക്കമുണ്ടായാല്‍ അത് പരിഹരിക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും തര്‍ക്കം പരിഹരിച്ചതിനുശേഷം മാത്രമേ ലൈൻ വലിക്കാൻ കഴിയുകയുള്ളൂവെന്നുമാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. ടവറുകള്‍ സ്ഥാപിക്കുന്ന കാര്യത്തിലും ഈ അനുമതി വേണ്ടിവരും. ചുരുക്കത്തില്‍ കര്‍ഷകര്‍ക്ക് സ്വന്തം ഭൂമിയുടെ കാര്യത്തില്‍ ബ്രിട്ടീഷുകാര്‍ എടുത്തുകളഞ്ഞ അധികാരം തിരിച്ചുകിട്ടിയിരിക്കുകയാണ്.

പുതിയ നിയമം നിലവില്‍ വന്നതോടെ ഇനി ഉഡുപ്പി-കരിന്തളം, കരിന്തളം-വയനാട് ലൈൻ കടന്നുപോകുന്ന ഇടങ്ങളിലും ഭൂവുടമകളുടെ അനുമതിയില്ലാതെ ലൈൻ വലിച്ചാല്‍ അതിനെ കോടതിയില്‍ ചോദ്യംചെയ്യാനാകും. നിയമലംഘനത്തിന്‍റെ പേരില്‍ കൂടുതല്‍ നഷ്ടപരിഹാരം നല്കേണ്ടിവുന്ന സാഹചര്യവും ഉണ്ടാകാം. പുതിയ നിയമത്തിന്‍റെ വെളിച്ചത്തില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ആശ്വാസം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് കര്‍ഷക രക്ഷാസമിതി ചെയര്‍മാനും കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തംഗവുമായ ഷിനോജ് ചാക്കോ പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ നിയമോപദേശം തേടിവരികയാണെന്നും അദ്ദേഹം അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group