Join News @ Iritty Whats App Group

'എംഫില്‍ അംഗീകൃത ബിരുദമല്ല, കോഴ്‌സുകളില്‍ പ്രവേശനം തേടരുത്' : വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി യുജിസി

ദില്ലി: എംഫില്‍ അംഗീകൃത ബിരുദമല്ല എന്നും അതിനാല്‍ കോഴ്‌സുകളിലേക്ക് പ്രവേശനം തേടരുതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് യുജിസിയുടെ മുന്നറിയിപ്പ്. യുജിസി പുറത്തുവിട്ട സര്‍ക്കുലറില്‍ സര്‍വകലാശാലകള്‍ എംഫില്‍ കോഴ്‌സുകള്‍ നടത്തരുതെന്നും നിര്‍ദ്ദേശിച്ചു. 2034-2024 വര്‍ഷത്തില്‍ എംഫില്‍ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി ചില സര്‍വ്വകലാശാലകള്‍ അപേക്ഷ ക്ഷണിച്ച സാഹചര്യത്തിലാണ് യുജിസി സര്‍ക്കുലര്‍.

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ എംഫില്‍ കോഴ്സുകള്‍ അവസാനിപ്പിക്കാന്‍ 2021 ഡിസംബറില്‍ ചേര്‍ന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് എംഫില്‍ കോഴ്‌സുകള്‍ യുജിസി റദ്ദാക്കിയിരുന്നു. എന്നാല്‍ ചില സര്‍വകലാശാലകള്‍ വീണ്ടും എംഫില്‍ കോഴ്സുകളിലേക്ക് അപേക്ഷകള്‍ വീണ്ടും ക്ഷണിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് യുജിസിയുടെ പുതിയ അറിയിപ്പ്. യുജിസി 2022ലെ റഗുലേഷന്‍ 14ല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എംഫില്‍ ബിരുദം നല്‍കരുതെന്ന് പറയുന്നുണ്ട്. അഡ്മിഷന്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തി വയ്ക്കണമെന്ന് സര്‍വകലാശാലകളോട് യുജിസി സെക്രട്ടറി മനീഷ് ജോഷി നിര്‍ദേശിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 140 ഓളം സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം ഡിസംബര്‍ 24ന് പറഞ്ഞിരുന്നു. ഇവരില്‍ പലരും യുജിസി അംഗീകരിക്കാത്ത കോഴ്സുകളാണ് നടത്തുന്നത്. ഏറ്റവും കൂടുതല്‍ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിച്ചത് ഗുജറാത്തിലാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഗുജറാത്തില്‍ 28 സ്വകാര്യ സര്‍വകലാശാലകളും മഹാരാഷ്ട്രയില്‍ 15 സര്‍വകലാശാലകളും സ്ഥാപിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ 14, കര്‍ണാടകയില്‍ 10 സര്‍വകലാശാലകളും സ്ഥാപിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group