Join News @ Iritty Whats App Group

‘‘ഈ ബഹുമതികള്‍ ഇപ്പോള്‍ ശ്വാസം മുട്ടിക്കുന്നു ; എവിടെ പോകണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം എന്നറിയില്ല’’ പ്രധാനമന്ത്രിക്ക് മുന്നില്‍ ഫുട്പാത്തില്‍ മെഡല്‍ ഉപേക്ഷിച്ച് പുനിയ മടങ്ങി


ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ ആരോപണ വിധേയനായ ബി.ജെ.പി. എം.പി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ഗുസ്തി ഉപേക്ഷിച്ച സാക്ഷി മാലിക്കിന്റെ പാത പിന്തുടര്‍ന്ന് മറ്റൊരു പ്രമുഖ ഗുസ്തിതാരം ബജ്‌രംഗ് പുനിയയും പ്രതിഷേധ വഴിയേ.

ഗുസ്തി ഫെഡറേഷന്‍ മേധാവിയായി സഞ്ജയ്കുമാര്‍ സിങ് തെരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് പത്മശ്രീ പുരസ്‌കാരം ഒളിംപിക് മെഡല്‍ ജേതാവ് ബജ്‌രംഗ് പുനിയ തിരികെ നല്‍കി. പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിലെ ഫുട്പാത്തില്‍ മെഡല്‍ ഉപേക്ഷിച്ച് പുനിയ മടങ്ങി. മോദിയെ നേരില്‍ കാണണമെന്ന ആവശ്യവുമായി എത്തിയ പുനിയയെ പോലീസ് തടഞ്ഞിരുന്നു.

പത്മശ്രീ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തിരികെ നല്‍കുമെന്നു നേരത്തേ പുനിയ അറിയിച്ചിരുന്നു. എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പുനിയ നിലപാട് വ്യക്തമാക്കിയത്. സഞ്ജയ് കുമാര്‍ സിങ് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ, നടത്തിയ വികാരനിരഭരമായ വാര്‍ത്താ സമ്മേളനത്തില്‍ ഒളിംപിക് മെഡല്‍ ജേതാവ് സാക്ഷി മാലിക് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് ബൂട്ട് മേശയില്‍ വച്ചാണ് സാക്ഷി തീരുമാനം വെളിപ്പെടുത്തിയത്.

ഈ വാര്‍ത്താ സമ്മേളനത്തില്‍ സാക്ഷിക്കും ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ടിനുമൊപ്പം ബജ്‌രംഗ് പുനിയയും പങ്കെടുത്തിരുന്നു. െലെംഗികാതിക്രമക്കേസില്‍ ബ്രിജ്ഭൂഷണിനെതിരെ നടപടിയാവശ്യപ്പെട്ട് ഇവര്‍ മൂവരുമാണ് ജന്തര്‍ മന്തറില്‍ ഒരു മാസത്തിലേറെക്കാലം സമരം നടത്തിയത്. സാക്ഷിയും പുനിയയും ഒളിംപിക് വെങ്കല മെഡല്‍ ജേതാക്കളാണ്. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ റെസ്‌ലിങ് താരമാണ് വിനേഷ്.

ഗുസ്തി ഫെഡറേഷനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷന്റെ വിശ്വസ്തന്‍ സഞ്ജയ് സിങ് വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം, 'ഞങ്ങളുടെ ആധിപത്യം തുടരും' എന്ന് ബ്രിജ് ഭൂഷന്‍ പരാമര്‍ശം നടത്തിയതായി പ്രധാനമന്ത്രി മോദിക്ക് അയച്ച കത്തില്‍ പുനിയ ചൂണ്ടിക്കാട്ടി. ഈ മാനസിക സമ്മര്‍ദമാണ് സാക്ഷിയെ ഗുസ്തിയോട് വിടചൊല്ലാന്‍ പ്രേരിപ്പിച്ചതെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത ഗുസ്തിക്കാര്‍ രാത്രി മുഴുവന്‍ കരഞ്ഞുകൊണ്ടാണ് കഴിഞ്ഞതെന്നും പുനിയ കുറിച്ചു.

''എവിടെ പോകണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം എന്ന് എനിക്ക് മനസ്സിലാകുന്നില്ല. സര്‍ക്കാരും ജനങ്ങളും എനിക്ക് വളരെയധികം ബഹുമാനം നല്‍കി. ഈ ബഹുമാനത്തിന്റെ ഭാരത്തില്‍ ഞാന്‍ ശ്വാസം മുട്ടുന്നത് തുടരണോ? 2019 ല്‍ എനിക്ക് അവാര്‍ഡ് ലഭിച്ചു. പത്മശ്രീ, ഖേല്‍രത്‌ന, അര്‍ജുന പുരസ്‌കാരങ്ങളും നല്‍കി ആദരിക്കപ്പെട്ടു.

ഈ ബഹുമതികള്‍ ലഭിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി. ജീവിതം സഫലമായെന്ന് തോന്നി. പക്ഷേ, ആ സമയത്തെ സന്തോഷത്തേക്കാള്‍ ഇന്ന് ഞാന്‍ അസന്തുഷ്ടനാണ്. ഈ ബഹുമതികള്‍ എന്നെ ശ്വാസം മുട്ടിക്കുന്നു''- പുനിയ കുറിച്ചു. ഇതിന് ഒരേയൊരു കാരണമേയുള്ളൂ. ഗുസ്തിയാണ് എനിക്ക് ഈ ബഹുമതികള്‍ നേടിത്തന്നത്. വനിതാ ഗുസ്തിക്കാര്‍ ഇപ്പോള്‍ അവരുടെ സുരക്ഷയ്ക്കായി ആ കായികം തന്നെ ഉപേക്ഷിക്കേണ്ടിവരുന്നു,- മാലിക് കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post
Join Our Whats App Group