Join News @ Iritty Whats App Group

തലശേരി അതിരൂപത കെസിവൈഎം നേതൃത്വത്തില്‍ ഇരിട്ടിയില്‍ 'ബോണ്‍ നത്താലെ 2023' ക്രിസ്മസ് സന്ദേശറാലിയും പാപ്പാ സംഗമവും നടത്തി


രിട്ടി: തലശേരി അതിരൂപത കെസിവൈഎം നേതൃത്വത്തില്‍ ഇരിട്ടിയില്‍ 'ബോണ്‍ നത്താലെ 2023' ക്രിസ്മസ് സന്ദേശറാലിയും പാപ്പാ സംഗമവും നടത്തി.

മൂവായിരം പാപ്പാമാര്‍ ക്രിസ്മസ് ഗാനത്തിനൊത്ത് നൃത്തംചവിട്ടി ഇരിട്ടി നഗരം ചുറ്റിയ സംഗമം വേറിട്ട കാഴ്ചയായി. ഇത് മൂന്നാം വര്‍ഷമാണ് ബോണ്‍ നത്താലെ ഇരിട്ടി ടൗണിന് നിറചാര്‍ത്താകുന്നത്. തലശേരി അതിരൂപതയിലെ 19 ഫൊറോനകളില്‍ നിന്നായി ആയിരക്കണക്കിന് യുവജനങ്ങള്‍ ബോണ്‍ നത്താലെയില്‍ പങ്കെടുത്തു. 

കെസിവൈഎം നേതൃത്വത്തില്‍ നെല്ലിക്കാംപൊയില്‍, കുന്നോത്ത് , മണിക്കടവ് , എടൂര്‍ , പേരാവൂര്‍ ഫൊറോന സമിതികള്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. പഴയപാലത്തിന് സമീപത്തുനിന്ന് ആരംഭിച്ച്‌ മഹാറാലി തലശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യൻ പാലാക്കുഴി ഫ്ലാഗ് ഓഫ് ചെയ്തു. ആര്‍ച്ച്‌ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ക്രിസ്മസ് സന്ദേശം നല്‍കി. 

ക്രിസ്മസ് എല്ലാ മനുഷ്യര്‍ക്കും സന്തോഷത്തിന്‍റെ ദിനമാണ്. എന്നാല്‍ നമ്മുടെ സന്തോഷങ്ങള്‍ വിഭാഗീയ വത്കരിക്കപ്പെട്ടിരിക്കുന്നു. ഒരാളുടെ സന്തോഷം മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ പാടില്ല. എന്നാല്‍ ബുദ്ധിമുട്ടുണ്ടാകുന്നത് നമ്മള്‍ കാണേണ്ടി വരുന്നുണ്ട്. ക്രിസ്തുവിന്‍റെ സന്ദേശം എല്ലാവര്‍ക്കും സന്തോഷം പകരുന്നതാകണം. സഹോദരനെ സ്‌നേഹത്തോടെ ചേര്‍ത്ത് പിടിക്കുന്നവരുടെ മനസിലാണ് തിരുപ്പിറവി നടക്കുന്നതെന്ന് ആര്‍ച്ച്‌ബിഷപ് പറഞ്ഞു. പാപ്പാ റാലി ഇരിട്ടി മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് അവസാനിച്ചത്.

അതിരൂപതയുടെ തനിമ വിളിച്ചോതുന്നതടക്കം 12 നിശ്ചല ദൃശ്യങ്ങള്‍, സഞ്ചരിക്കുന്ന പുല്‍ക്കൂടുകള്‍ എന്നിവ റാലിയില്‍ അണിനിരന്നു. കെസിവൈഎം അതിരൂപത പ്രസിഡന്‍റ് അഖില്‍ ചാലില്‍ പുത്തൻപുരയില്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യൻ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ. ശ്രീലത, കെസിവൈഎം അതിരൂപത ഡയറക്ടര്‍ ഫാ.ജിൻസ് വാളിപ്ലാക്കല്‍, അഖില്‍ അയിലൂക്കുന്നേല്‍, അനു മറ്റത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group